തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിശിക പിരിച്ചെടുക്കാന്‍ മടിക്കരുത്: കെ.സി. ജോസഫ്

tvm-KCപയ്യാവൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള നികുതിയിനത്തിലും ലൈസന്‍സിനത്തിലും മറ്റുമുള്ള കുടിശികയായതും അല്ലാത്തതുമായ തുകകള്‍ പിരിച്ചെടുക്കുന്നതിനു താല്പര്യം കാണിക്കണമെന്നു മുന്‍മന്ത്രി കെ.സി. ജോസഫ്. കുടിശിക പിരിക്കുന്നതു ജനവികാരം എതിരാക്കുമോ എന്ന ഭയത്തില്‍ പലരും ഇതില്‍നിന്നു പിന്തിരിയുകയാണ്.

സര്‍ക്കാരുകളെ ആശ്രയിക്കാതെ തനതുവരുമാനം വര്‍ധിപ്പിച്ചാലെ പഞ്ചായത്തുകള്‍ക്ക് വികസന പ്രവര്‍ത്തനങ്ങളും മറ്റും നടത്താന്‍ കഴിയൂ. ഷോപ്പിംഗ് കോംപ്ലക്‌സ് പുനര്‍ലേലം നടത്തിയതിലൂടെ വരുമാന വര്‍ധന ഉണ്ടാക്കിയ പയ്യാവൂര്‍ പഞ്ചായത്തിന്റെ നടപടി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും അഭിനന്ദനീയമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

പയ്യാവൂര്‍ പഞ്ചായത്തിന്റെ വികസന സെമിനാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപറമ്പില്‍ അധ്യക്ഷത വഹിച്ചു.    ജില്ലാ പഞ്ചായത്തംഗം പി.കെ. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി കാട്ടുവിള, വത്സല സാജു, മേഴ്‌സി തുരുത്തേല്‍, വൈസ് പ്രസിഡന്റ് ടി.പി. അഷ്‌റഫ്, ഡെയ്‌സി മഞ്ഞനാല്‍, കെ.ടി. അനില്‍കുമാര്‍, ഷാജി കടുക്കുന്നേല്‍, ആഗ്നസ് വാഴപ്പള്ളി, കെ.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts