വണ്ടിത്താവളം: മീനാക്ഷിപുരം-കോയമ്പത്തൂര്‍ തമിഴ്‌നാട് ചേരന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ മീനാക്ഷിപുരം മുതല്‍ തത്തമംഗലം വരെ യാത്രക്കാരെ കയറ്റുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം 3.40ന് നന്ദിയോട് വേപ്പിന്‍ചുവട്ടില്‍നിന്നുള്ള ആറു യാത്രക്കാര്‍ ബസ് നിര്‍ത്താന്‍ തടഞ്ഞിട്ടും നിര്‍ത്താതെ പോയി. ആറുപേരും കോയമ്പത്തൂരിലേക്കുമുള്ള യാത്രക്കാരായിരുന്നു.
നിര്‍ത്താതെപോയി സിടിഎസ് ബസിനു തൊട്ടുപിറകില്‍ വന്ന ബസില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ തത്തമംഗലം സ്റ്റാന്‍ഡിലെത്തി മുന്നില്‍ നിര്‍ത്താതെപോയ ബസില്‍തന്നെ കയറി കോയമ്പത്തൂരിലേക്കു പോയതായും പരാതിയുണ്ട്.കന്നിമാരി, പാട്ടികുളം, ഏന്തല്‍പ്പാലം, അയ്യപ്പന്‍കാവ് സ്റ്റോപ്പുകളില്‍ സിടിസി ബസ് പതിവായി നിര്‍ത്താറില്ലത്രേ.
സിടിസി ബസിനു തൊട്ടുപിറകില്‍ വരുന്ന സ്വകാര്യബസിനു സൗകര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നതെന്നും യാത്രക്കാര്‍ക്ക് ആരോപണമുണ്ട്. മീനാക്ഷിപുരത്തുനിന്നും അത്തിമണി വരെയുള്ള യാത്രക്കാര്‍ക്ക് കോയമ്പത്തൂരിലേക്ക് പോകാനുള്ള ഏക സര്‍വീസാണിത്. നിര്‍ദിഷ്ട തമിഴ്‌നാട് ബസ് സ്‌റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ അധികൃതര്‍ക്ക് നിവേദനം നല്കാന്‍ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണ് യാത്രക്കാര്‍.