പഴയങ്ങാടി: പഴയങ്ങാടി സബ് ട്രഷറികെട്ടിട നിര്‍മാണം ശിലയില്‍ ഒതുങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വാടക കെട്ടിടത്തിലാണ് ട്രഷറിയുടെ പ്രവര്‍ത്തനം നടക്കുന്നത്. 2010 ജൂണിലാണ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപം വികസന സമിതി 11 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. മാടായി, ഏഴോം, ചെറുതാഴം, മാട്ടൂല്‍, ചെറുകുന്ന്, കണ്ണപുരം, കുഞ്ഞിമംഗലം, കടന്നപ്പള്ളി, പാണപുഴ എന്നീ പഞ്ചായത്തുകളിലെയും സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ് വിഭാഗത്തിലെയും ശമ്പള വിതരണവും മറ്റ് ജീവനക്കാരുടെ പെന്ഷന് വിതരണവും നടക്കുന്നത് ഈ വാടക കെട്ടിടത്തിലാണ്.
തറക്കല്ലില്‍ ഇതുവരെയായിട്ടും യാതൊരു തുടര്‍നടപടിയും തുടങ്ങിയിട്ടില്ല. തറക്കല്ലിട്ട സ്ഥലം കാട് കയറി മൂടിയ നിലയിലാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ ട്രഷറിയുടെ പ്രവര്‍ത്തനത്തിനും പുതിയ കെട്ടിടം പണിയുടെ നടപടിക്കും തുടക്കമാവും എന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.