തലശേരി: നഗരമധ്യത്തില്‍ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ട് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുള്ള വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്കും പരിസര വാസികള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. തൊട്ടടുത്ത് കോളജും ഹോട്ടലും ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
മാത്രവുമല്ല പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നും എന്‍സിസി റോഡ് വഴി പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള നൂറു കണക്കിന് യാത്രക്കാര്‍ കടന്നു പോകുന്നതും ഈ വെള്ളക്കെട്ടിന് സമീപത്തു കൂടിയാണ്. മാസങ്ങളായി മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളക്കെട്ട് ഇവിടെ രൂപപ്പെട്ടിട്ട്. ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ കാണുന്ന വെള്ളക്കെട്ട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ മാത്രം പെടാതിരിക്കുന്നത് അതിശയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.