തല്ലിയതിനുള്ള പ്രായശ്ചിത്തമായി സരോജിനിയമ്മക്ക് ഓണക്കോടിയുമായി കുഞ്ചാക്കോ ബോബന്‍; സരോജിനിയമ്മയുടെ വക നാടന്‍പാട്ടും

SAROJIIആലപ്പുഴ: നഗരസഭയുടെ ശാന്തിമന്ദിരത്തിലെ അമ്മമാര്‍ ഇന്നലെ രാവിലെ മുതല്‍ കാത്തിരിപ്പിലായിരുന്നു. പ്രിയതാരവും നാട്ടുകാരനുമായ ചാക്കോച്ചനെ കാണാന്‍. രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളുമണിഞ്ഞ് പലരും ശാന്തിമന്ദിരത്തിന്റെ അങ്കണത്തിലിട്ട കസേരകളില്‍ ഇരുപ്പുറപ്പിച്ചു. കുഞ്ചോക്കോ ബോബനെന്ന ചാക്കോച്ചന്‍ അഭിനയിച്ചു തകര്‍ത്ത അനിയത്തിപ്രാവിലെ തുടങ്ങിയുള്ള പാട്ടുകള്‍ സ്പീക്കറിലൂടെ മുഴങ്ങിയപ്പോള്‍ ആവേശവും ഇരട്ടിച്ചു.

കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥമായിരുന്നു താരങ്ങളുടെ വരവ്. 11.30നു എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വന്നപ്പോള്‍ ഒരുമണിക്കൂര്‍ വൈകി. വൈകിയ വേളയില്‍ സരോജിനിയമ്മയടക്കമുള്ള ശാന്തിമന്ദിരത്തിലെ താരങ്ങള്‍ തങ്ങളുടെ പാട്ടുകളുമായി തകര്‍ത്തു. കവാടത്തില്‍ മുഴങ്ങിയിരുന്ന നാസികഡോലിന്റെയും ആരാധകരുടെ ആവേശത്തിന്റെയും ശബ്ദഘോഷത്തിനിടയിലേക്ക് വെള്ള ഓഡികാര്‍ ഓടിച്ച് ചാക്കോച്ചന്‍ 12.30 ഓടെ അങ്ങെത്തി. ഡൈവിംഗ് സീറ്റില്‍ നിന്നും അദ്ദേഹം ഇറങ്ങിയപ്പോഴേക്കും സമീപവാസികളും തടിച്ചുകൂടി. സെല്‍ഫി പ്രളയം. അപ്പോഴേക്കും കാറിന്റെ മുന്‍ സീറ്റില്‍ നിന്നും സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ശിവയും പിറകില്‍ നിന്നും ചലച്ചിത്രതാരമായ സുധീഷും മകന്‍ രുദ്രാക്ഷും നടി മുത്തുമണിയും ഇറങ്ങി. ഇവരുടെ പിറകേയും ആരാധകവൃന്ദം.

തുടര്‍ന്ന് ചെറിയൊരു യോഗം. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷോളി സിദ്ധകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മെഹബുബ്, മുന്‍ ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, കൗണ്‍സിലര്‍മാര്‍, നിര്‍മാതാവ് അനീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. അന്തേവാസികള്‍ക്കെല്ലാം കുഞ്ചാക്കോയും സഹതാരങ്ങളും കൂടി ഓണപ്പുടവയും നല്കി. ആദ്യത്തെ ഓണക്കോടി വാങ്ങാനെത്തിയ സരോജിനിയമ്മ കുഞ്ചാക്കോ ബോബനോട് പണ്ട് ചാക്കോച്ചന്‍കുഞ്ഞായിരുന്നപ്പോള്‍ തന്നെ തല്ലിയ കാര്യം ഓര്‍മിപ്പിച്ചു. കാണികളുടെ ആവശ്യപ്രകാരം സരോജിനിയമ്മ ഓടേണ്ട…ഓടേണ്ട… ഓടിത്തളരേണ്ട… എന്നു തുടങ്ങുന്ന പാട്ടുംപാടി. തല്ലിയതിനുള്ള പ്രായശ്ചിത്തമാണെന്നു കണക്കാക്കിക്കോളാന്‍ പറഞ്ഞ് കുഞ്ചാക്കോബോബന്‍ ഓണക്കോടിയും കൊടുത്തു. അന്തേവാസികള്‍ക്കെല്ലാവര്‍ക്കും താരങ്ങള്‍ ഓണക്കോടി കൈമാറി.

വര്‍ഷങ്ങള്‍ക്കു ശേഷം ഉദയയുടെ ബാനറില്‍ സിനിമ നിര്‍മിച്ചപ്പോള്‍ അതിന്റെ പ്രമോഷന്റെ ഭാഗമായി ഇവിടെ വരാന്‍ കഴിഞ്ഞതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ഇത്തരത്തില്‍ ഒരു ഓണാഘോഷം ആദ്യമായിട്ടാണ്. ഇവരോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയതിന്റെ നന്ദിയും അദ്ദേഹം പങ്കുവച്ചു. കിണ്ടിയുടെ നമസ്കാരം എന്നു പറഞ്ഞായിരുന്നു സുധീഷ് അന്തേവാസികളെ കൈയിലെടുത്തത്. നടി മുത്തുമണിയും ആശംസകള്‍ നേര്‍ന്നു. അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയുമുണ്ട് താരങ്ങള്‍ മടങ്ങി.

Related posts