തളിപ്പറമ്പ്: കേരളം മുഴുവനും തെരുവ് നായകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകളുമായി രംഗത്തിറങ്ങിക്കൊണ്ടിരിക്കെ ത—ളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പ് അഭയകേന്ദ്രമാക്കിയ തെരുവ് പട്ടികള്‍ കുരച്ച് പോലും ആളുകളെ ഭയപ്പെടുത്തുന്നില്ല. തികച്ചും ശാന്തശീലരായി കാണപ്പെടുന്ന ഈ തെരുവ് പട്ടികള്‍ തങ്ങളുടെ സംരക്ഷകന്‍ പറയുന്നതിനപ്പുറം ഒരിഞ്ചുപോലും നീങ്ങില്ലെന്നത് താലൂക്ക് ഓഫീസിലെത്തുന്ന നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. താലൂക്ക് ഓഫീസ് വളപ്പിലെ പൂച്ചകളുടെ പ്രിയ തോഴനായ വേലിക്കാത്ത് രാഘവന് തന്നെയാണ് പട്ടികളുടേയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
രാവിലെ പതിനൊന്നോടെ ഇവയ്ക്കുള്ള ഭക്ഷണവുമായി എത്തുന്ന ഇദ്ദേഹത്തിന്റെ കാറിന്റെ ഹോണ്‍ പോലും ഇവയ്ക്ക് സുപരിചിതമാണ്. രാത്രി എട്ടരവരെ ഓഫീസ് വളപ്പിലും പരിസരത്തുമായി ഇവയുടെ സംരക്ഷകനായി കഴിയുന്ന ഇദ്ദേഹം എട്ടരയോടെ തെരുവ് പട്ടികള്‍ക്ക് ബിസ്ക്കറ്റു കൂടി നല്‍കിയാണ് തിരിച്ചുപോകുന്നത്. പത്തോളം തെരുവ് നായകള്‍ അനുസരണയോടെ രാഘവന്റെ കയ്യില്‍ നിന്നും ബിസ്ക്കറ്റ് വാങ്ങിക്കഴിക്കുന്നത് രസകരമായ കാഴ്ച്ചയാണ്. ബഹളവും കുരയും ഒന്നുമില്ലാതെ ബസ്ക്കറ്റ് വാങ്ങി നുണയുന്ന ഇവ ഗേറ്റ് കടക്കുവോളം തങ്ങളുടെ പ്രിയപ്പെട്ട സംരക്ഷകന്റെ കാര്‍ പിന്തുടരുകയും ചെയ്യും.
അനധികൃതമായി മുക്കിലും മൂലയിലും പെരുകിക്കൊണ്ടിരിക്കുന്ന അറവുശാലകളാണ് തെരുവ് പട്ടികളെ അക്രമാസക്തരാക്കുന്നതെന്നും അറവ്ശാലകള്‍ നിയന്ത്രിക്കാതെ തെരുവ് പട്ടികളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്നും ആനിമല്‍ ആന്‍ഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് സ്നേഹസേനയുടെ ചെയര്‍മാനും സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ വേലിക്കാത്ത് രാഘവന് പറയുന്നു. തെരുവ് പട്ടികളെ വന്ധ്യംകരണം നടത്തുംമുമ്പ് അവയ്ക്ക് വാക്സിനേഷന് നടത്താനാണ് ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.