തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുയ്യത്തെ ഷിഹാഫിനെ (30) യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി. രാജേഷ് അറസ്റ്റ്‌ചെയതത്. മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരികയാണ്. ഇന്നലെ രാവിലെയും രാത്രിയിലും എസ്‌ഐയുടെ നേതൃത്വത്തില്‍ നാലു പ്രതികളുടെ വീട്ടിലും റെയ്ഡ് നടത്തി. ഇന്നു തന്നെ പ്രതികള്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.
അഞ്ചുപേര്‍ക്കെതിരേയും പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മുയ്യം സ്വദേശി കണ്ടോത്ത് പുതിയപുരയില്‍ സാജിദിനാണ് (26) മര്‍ദനമേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സി. സുബൈര്‍, സി. റഷീദ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടു പേരുമാണ് അക്രമിസംഘത്തില്‍ ഇനി പിടികിട്ടാനുള്ളവരെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച്ച രാത്രി മുയ്യം യുപി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഡ്രൈവറായ സാജിദ് ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കോടിച്ചുപോകവെ മുയ്യം യുപി സ്കൂളിനടുത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി വലിച്ചുപുറത്തിട്ട് ഇരുമ്പു വടി, കൊളുത്ത് എന്നിവ ഉപയോഗിച്ച് മര്‍ദിച്ചതായാണ് പരാതി. ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് തലയില്‍ കീറിയ നിലയിലാണ്. സാജിദിന്റെ നിലവിളി കേട്ട് നാട്ടു—കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പോലീസ് പ്രദേശത്ത് ജാഗ്രത പാലിച്ചുവരുന്നുണ്ട്.