മാങ്കാംകുഴി: കുടിവെള്ളക്ഷാമം രൂക്ഷമായ തഴക്കരപഞ്ചായത്തില് കുടിനീരിനായി ജനം ഓട്ടം തുടങ്ങിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിവെള്ളത്തിനുവേണ്ടി പഞ്ചായത്ത് പടിക്കലും വില്ലേജ് ഓഫീസിനു മുമ്പിലും സമരങ്ങളുമായി രംഗത്തെത്തി. ജലക്ഷാമം രൂക്ഷമായിട്ടും ടാങ്കറില്‍ കുടിവെള്ളമെത്തിക്കാത്തത് സര്‍ക്കാരിന്റെയും റവന്യുവകുപ്പിന്റെയും ഗുരുതര വീഴ്ചയാണെന്നാരോപിച്ചു പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങള്‍ ഇന്നലെ വെട്ടിയാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഈ സമയം കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ബിജെപിയും പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തി.
പഞ്ചായത്തിനു മുമ്പില്‍ ബിജെപി പന്തല്‍ കെട്ടിയിരുന്നതിനാല്‍ റോഡിന്റെ എതിര്‍വശത്താണ് കോണ്‍ഗ്രസ് പന്തലിട്ട് സമരം നടത്തിയത.് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ കുടങ്ങളുമായി എത്തി നിരാഹാരസമരമാണ് നടത്തിയത്. ഒരേസമയം വില്ലേജ്പടിക്കലും പഞ്ചായത്തിനുമുമ്പിലും സമരങ്ങള്‍ അരങ്ങേറിയതോടെ തഴക്കരയില്‍ ഇന്നലെ കുടിവെള്ളത്തിനായി സമരങ്ങളുടെ വേലിയേറ്റം തന്നെ നടന്നു. സമരങ്ങള്‍ ശക്തമായതോടെ സ്ഥലത്ത് പോലീസും എത്തിയിരുന്നു. കോണ്‍ഗ്രസ് പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണ ഡിസിസി വൈസ്പ്രസിഡന്റ് അഡ്വ. കോശി എം കോശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പടിക്കല്‍ ബിജെപി അംഗങ്ങള്‍ നടത്തിയ റിലേ സത്യാഗ്രഹം ബിജെപി ജില്ലാ സെക്രട്ടറി ഡി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ വില്ലേജ് ഓഫീസ് പടിക്കല്‍ നടത്തിയ ഉപരോധസമരം മാവേലിക്കര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ റവന്യുവകുപ്പ് മുന്‍വര്‍ഷങ്ങളിലെ പോലെ ടാങ്കറില്‍ കുടിവെള്ളം എല്ലാ വാര്‍ഡുകളിലും എത്തിക്കണമെന്ന ആവശ്യമാണ് പ്രധാനമായി ഉയരുന്നത്. വേനല്‍ ശക്തിപ്രാപിച്ചതോടെ പ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ വറ്റിവരണ്ടതിനെത്തുടര്‍ന്ന് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇപ്പോള്‍ പഞ്ചായത്തില്‍ അനുഭവപ്പെടുന്നത്.