മാവേലിക്കര: തഴക്കര പാടശേഖരത്തില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് കൃഷിനാശം സംഭവിക്കുന്നു. കുട്ടനാട് കര്‍ഷക സംഘം കൃഷിചെയ്തിരുന്ന 350 ഏക്കര്‍ പാടശേഖരത്തില്‍ 100 ഏക്കറോളം കൃഷിയാണു പൂര്‍ണമായി നശിച്ചിരിക്കുന്നത്. കഴിഞ്ഞ 35 ദിസങ്ങളായി പാടശേഖരത്തില്‍ വെള്ളം ലഭിക്കാത്തതാണ് കൃഷിനാശത്തിനു കാരണമായത്.
രണ്ടരയും മൂന്നും മാസം പ്രായമുള്ള നെല്‍ച്ചെടികള്‍ ഉണങ്ങിപ്പോയി. കെഎപി കനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി പൂട്ടിയതാണു വെള്ളംകിട്ടാതിരിക്കാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥ തലത്തിലും ഗവണ്‍മെന്റ് തലത്തിലും നിരവധി പരാതികള്‍ ഇതിനോടകം നല്‍കിയെങ്കിലും നടപടിയൊന്നും ആയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇനിയും വെള്ളം കിട്ടാതെയിരുന്നാല്‍ ബാക്കി 250 ഏക്കറിലേയും കൃഷി നശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കഴിഞ്ഞ 2014ല്‍ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കൃഷി നശിച്ചിട്ട് നഷ്ടപരിഹാരം തരാമെന്ന വാഗ്ദാനമല്ലാതെ ഒരു രൂപപോലും കിട്ടിയിട്ടില്ലെന്നും ആയതിനാല്‍ ഈ പ്രാവിശ്യത്തെ കൃഷിനാശം തങ്ങളെ ജപ്തിയുടെ വക്കിലേക്കാണ് കൊണെ്ടത്തിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. തരിശുകിടന്നിരുന്ന തഴക്കരയിലെ പാടങ്ങളെ കൃഷിയോഗ്യമാക്കി തരിശുനില കൃഷിക്കു സംസ്ഥാന അവാര്‍ഡ് തഴക്കര പഞ്ചായത്തിനു നേടിക്കൊടുത്തവര്‍ക്കാണ് ഈ ദുരനുഭവം.