പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.
യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തുടക്കം മുതല്‍ തന്നെ ഈ ആത്മവിശ്വാസം തങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ വികസനവും കരുതലും ജനങ്ങള്‍ സ്വീകരിച്ചു. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും മികച്ച വിജയത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കനത്ത മഴയിലും ഉണ്ടാകുന്ന മികച്ച പോളിംഗ് യുഡിഎഫിന് നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ട്. 80 ശതമാനം പോളിംഗ് കടക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.കെ.രമയ്‌ക്കെതിരേ സിപിഎം നടത്തിയ ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

