ചങ്ങനാശേരി: നഗരത്തിലെ സിനിമ തിയറ്ററുകളില്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്പന വ്യാപകം. ഇതിന്റെ മറവില്‍ തിയറ്ററുകളില്‍ ക്രിമിനല്‍ അക്രമിസംഘങ്ങള്‍ വിലസുന്നതുമൂലം സാധാരണക്കാര്‍ക്ക് നഗരത്തിലെ തിയറ്ററുകളില്‍ സിനിമ കാണാന്‍ പറ്റാത്ത അവസ്ഥയെന്ന് ആക്ഷേപം. ചില രാഷ്ട്രീയക്കാരുടെ സഹായത്തോടെയും തിയറ്റര്‍ ജീവനക്കാരുടെ ഒത്താശയോടെയും നടത്തുന്ന ടിക്കറ്റ് കരിഞ്ചന്ത ഇടപാടുകള്‍ക്ക് പോലീസും മൗനാനുവാദം നല്‍കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
അടുത്തയിടെ കബാലി സിനിമ റിലീസ് ചെയ്തപ്പോള്‍ കരിഞ്ചന്തക്കാരുടെ വിളയാട്ടമായിരുന്നു. പുലിമുരുകന്‍, തോപ്പില്‍ തോപ്പന്‍ എന്നീ ചിത്രങ്ങള്‍ നഗരത്തില്‍ പ്രദര്‍ശനത്തിനെത്തിയതോടെ ടിക്കറ്റ് കരിഞ്ചന്തക്കാര്‍ വന്‍ സന്നാഹത്തോടെ എത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ടിക്കറ്റ് കരിഞ്ചന്തക്കാരും കൊല്ലപ്പെട്ട മനുവുമായി തര്‍ക്കമുണ്ടായെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
കബാലി സിനിമ പെരുന്നയിലെ അനു തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ടിക്കറ്റ് കരിഞ്ചന്തയുമായി ബന്ധപ്പെട്ട് പെരുന്ന കൊലക്കേസിലെ ബിനു, സിജോ എന്നിവര്‍ തിയറ്ററില്‍ അടിപിടി ഉണ്ടാക്കുകയും ഇതു സംബന്ധിച്ച് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇവരെ അന്ന് സ്‌റ്റേഷനിലെത്തി ജാമ്യത്തിലിറക്കിയത് നിധിന്‍ ആലുംമൂടനും ഷെമീറും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു.
ഫസ്റ്റ്ക്ലാസ്, ബാല്‍ക്കണി ടിക്കറ്റുകള്‍ ഓണ്‍ലൈനായും ടിക്കറ്റ് കൗണ്ടറില്‍നിന്നും കരിഞ്ചന്ത സംഘം വാങ്ങി മൂന്നിരട്ടി തുക ഈടാക്കിയാണ് സിനിമ കാണാനെത്തുന്നവര്‍ക്കു വിറ്റിരുന്നത്. ഇതേച്ചൊല്ലി തര്‍ക്കവും സംഘട്ടനവും തിയറ്ററുകളില്‍ പതിവാണ്. പിടിച്ചുപറി, പോക്കറ്റടി, അനാശാസ്യ സംഘങ്ങളും തിയറ്ററുകളുടെ സുരക്ഷിതത്വത്തിന് ഭീഷണിയായിട്ടുണ്ട്.
തിയറ്ററില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ള പരാതി ഉയര്‍ന്നിട്ടും ചങ്ങനാശേരി പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രമുഖ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ പെരുന്ന ബസ്സ്റ്റാന്‍ഡിനു മുന്നില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. തിയറ്ററുകളില്‍ ടിക്കറ്റ് കരിഞ്ചന്തക്കാരെയും ക്രിമിനല്‍ സംഘങ്ങളെയും നിരീക്ഷിക്കാന്‍ കാമറ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.