തിയറ്ററുകളില്‍ സിനിമയ്ക്കു മുമ്പ് “’ആക്ഷന്‍ ഹീറോ”മോദി’വന്നേക്കും

Modiസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിനിമ തുടങ്ങുന്നതിനു മുമ്പായി തിയറ്ററുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നായകനായിട്ടുള്ള ഒരു ചെറിയ സിനിമ കൂടി കാണിച്ചാല്‍ അത്ഭുതപ്പെടേണ്ട. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ വലിയ സംഭവമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രമന്ത്രിമാര്‍ മുന്നോട്ടുവച്ച പുതിയ ഐഡിയ ആണ് സിനിമയ്ക്കു മുമ്പുള്ള ഈ ചെറിയ സിനിമ.

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ കുറിപ്പ് വിതരണം ചെയ്തത്. തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തെല്ലൊന്നടങ്ങിയതിനു പിന്നാലെയാണു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ സിനിമാ പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്. രാജ്യത്തെ എല്ലാ തിയറ്ററുകളിലും ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെ പുകഴ്ത്തുന്ന ഹ്രസ്വ ചിത്രങ്ങള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം എന്നായിരുന്നു മന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദേശമുണ്ടായത്.

പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു മോദിയെയും സര്‍ക്കാരിനെയും തിയറ്ററിലെത്തിക്കാനുള്ള നീക്കം. ഇതിനുപുറമേ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെയും പേരിനൊപ്പം പ്രധാനമന്ത്രിയെന്നു (പിഎം)ചേര്‍ക്കുകയോ ദേശീയവാദി നേതാക്കളുടെ പേരു നല്കുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകളാകുകയും സര്‍ക്കാരിന്റെ പ്രചാരണ തന്ത്രമെന്നു സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനവും ഉയര്‍ന്നതോടെ നിഷേധവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തി. ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പരിഗണനയ്‌ക്കെടുത്തില്ലെന്നാണു വിശദീകരണം.

മന്ത്രിസഭാ യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിക്കണമെന്നും നിര്‍ദേശിക്കുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരും ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണു നിര്‍ദേശം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനെ ഈ പരിപാടിയുടെ ചുമതല ഏല്‍പ്പിക്കണമെന്നാണു മന്ത്രിമാരുടെ ആവശ്യം.

എല്ലാ രണ്ടാഴ്ചകളിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങള്‍ നിര്‍മിച്ച് തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശന ത്തിനു മുമ്പായി നിര്‍ബന്ധമായും കാണിക്കണമെന്നാണു നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാരു കള്‍ അടിച്ചുമാറ്റുന്നു എന്ന പരാതി ഒഴിവാക്കാനാണു പുതിയ നീക്കം. ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും സാന്നിധ്യത്തില്‍ മാത്രമേ ഉദ്ഘാടനം ചെയ്യാവൂ എന്നും മന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദേശമുണ്ടായി.

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പു മേല്‍നോട്ടത്തിനായി ജില്ലാ തലത്തില്‍ എംപിമാരെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ട്. നിലവില്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോ പോലീസ് സൂപ്രണ്ടുമാരോ ആണ് ഈ ചുമതല വഹിച്ചു വരുന്നത്. എംപിമാര്‍ക്കു ചുമതല നല്‍കിക്കൊണ്ട് ഇതു സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുമെന്നാണു വിവരം.

ഇതിനു പുറമേ എല്ലാ കേന്ദ്രമന്ത്രിമാരും ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവയുള്‍പ്പടെ ദേശീയ മാധ്യമങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് അഭിമുഖങ്ങളെങ്കിലും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ പദ്ധതികളും വിവരങ്ങളും സംബന്ധിച്ച് തെരഞ്ഞെടുത്ത പത്രപ്രവര്‍ത്തകര്‍ക്കു മാത്രം എക്‌സ്ക്ലൂസീവായി വാര്‍ത്തകള്‍ നല്‍കിയാല്‍ മികച്ച കവറേജ് ലഭിക്കുമെന്നും മന്ത്രിമാരുടെ യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ മാത്രമാണിതെന്നും ഒന്നും തന്നെ പരിഗണനയ്‌ക്കെടുത്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ നല്‍കുന്ന വിശദീകരണം.

Related posts