നെയ്യാറ്റിന്‍കര: ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന തിരുവനന്തപുരം- കളിയിക്കാവിള ദേശീയപാതയില്‍ ഓണനാളുകള്‍ കഴിഞ്ഞിട്ടും തിരക്കൊഴിയുന്നില്ല. അതോടൊപ്പം വാഹനാപകടങ്ങളും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു. തിരുവനന്തപുരത്തു നിന്നും കളിയിക്കാവിള ഭാഗത്തേ യ്ക്കു വരുമ്പോള്‍ പ്രാവച്ചമ്പലം വരെ മാത്രമേ പാത വികസനം നടന്നിട്ടുള്ളൂ. തുടര്‍ന്നിങ്ങോട്ടുള്ള പാതയില്‍ വികസനം ഇന്നല്ലെങ്കില്‍ നാളെ നടക്കുമെന്ന മട്ടില്‍ അനിശ്ചിതമായി അവശേഷിക്കുന്നു.
മൂന്നു വരിയായി പ്രാവച്ചമ്പലം ഭാഗത്തു നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ ബാലരാമപുരത്തിനു സമീപമാണ് ആദ്യം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. ബാലരാമപുരത്തിനു ഒരു കിലോമീറ്റര്‍ ഇപ്പുറം മുടവൂര്‍പ്പാറ വരെയും പലപ്പോഴും ഇത്തരത്തില്‍ കുരുക്കില്‍പ്പെട്ട് വാഹനങ്ങള്‍ വരിവരിയായി കിടക്കും. ബാലരാമപുരം പൊതുവേ ഇടുങ്ങിയ ജംഗ്ഷനാണ്. അവിടുന്നിങ്ങോട്ട് വഴിമു ക്കില്‍ നിന്നുമാണ് ഗതാഗതക്കുരുക്കിന്റെ ആരംഭം.
നെയ്യാറ്റിന്‍കരയില്‍ നിന്നും കാഞ്ഞിരംകുളം, പൂവാര്‍ ഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളെല്ലാം ഈ വീതി കുറഞ്ഞ റോഡിലാണ് ഒരേ സമയം എത്തുന്നത്. നിരവധി ഓഡിറ്റോറിയങ്ങളുള്ള വഴിമുക്കിലും പരിസരപ്രദേശങ്ങളിലും വിവാഹ ചടങ്ങുകള്‍ കൂടി നടക്കുമ്പോഴുള്ള സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. വിവാഹ ചടങ്ങുകളിലെത്തുന്ന പല വലിയ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതും പാതയോരത്തു തന്നെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നെയ്യാറ്റിന്‍കരയില്‍ നെയ്യാര്‍ മേളയോടനുബന്ധിച്ച് സായാഹ്നങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മേള കാണാനെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗും നിലവില്‍ പാതയോരത്ത് തന്നെയാണ്. പോരാത്തതിന്, ടി ബി ജംഗ്ഷന്‍ മുതല്‍ ആലുംമൂട് ജംഗ്ഷന്‍ വരെയുള്ള ഗതാഗത പരിഷ്കരണവും ഇപ്പോഴുണ്ട്. നഗരസഭ കൂടി മുന്‍കൈയെടുത്താണ് ഈ ഗതാഗത പരിഷ്കരണം നടപ്പിലാക്കിയത്. എന്നാല്‍ ഈ പരിഷ്കരണം സംബന്ധിച്ച് വിവിധങ്ങളായ വാദഗതികള്‍ ഉയരുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നതാണ് പലപ്പോഴും ദേശീയപാതയില്‍ അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് അധികൃതര്‍ കൃത്യമായി പരിശോധിക്കാറില്ലെന്നത് മറ്റൊരു ആക്ഷേപം.