തിരുവല്ല : മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി സമുച്ചയമെന്ന ഖ്യാതിയുണ്ടെങ്കിലും പരാധീനതകള്‍ തിരുവല്ല ഡിപ്പോയെ വിട്ടൊഴിയുന്നില്ല. സ്വന്തമായി കൂറ്റന്‍ കെട്ടിടവും സൗകര്യങ്ങളും ഉണ്ടെങ്കിലും ഡിപ്പോയിലെ ബസുകള്‍ ഓടണമെങ്കില്‍ സമീപ ഡിപ്പോകളിലെ പമ്പ് യൂണിറ്റുകള്‍ കനിയേണ്ട അവസ്ഥയാണ് നിലവില്‍. ഡീസല്‍ പമ്പിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായെങ്കിലും സംസ്ഥാന സുരക്ഷാവിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കമ്മീഷന്‍ നടത്താത്തതാണ് നിലവിലെ പ്രശ്‌നം.
ആറു വര്‍ഷം മുമ്പ് വ്യാപാരസമുച്ചയം നിര്‍മിക്കുന്നതിനുവേണ്ടി ഡിപ്പോയുടെ പ്രവര്‍ത്തനം നഗരസഭ വക സ്ഥലത്തേക്കു മാറ്റിയപ്പോള്‍ നിര്‍ത്തിയ പമ്പ് പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അന്നു മുതല്‍ ചെങ്ങന്നൂര്‍, ചങ്ങനാശേരി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ സമീപ ഡിപ്പോകളില്‍ നിന്നാണു ഡീസല്‍ ശേഖരിക്കുന്നത്. 2015 ജൂണിലാണു പുതുതായി നിര്‍മിച്ച സ്ഥലത്തേക്കു ഡിപ്പോ മാറ്റിയത്. അന്നു മുതല്‍ പമ്പ് സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടുവരികയായിരുന്നു.
അവര്‍ സംഭരണിയും ഡീസല്‍ അടിക്കുന്നതിനുള്ള പമ്പും സ്ഥാപിച്ചു. ഇതിനിടയില്‍ പമ്പിനു മുകളില്‍ നിര്‍മിച്ച മേല്‍ക്കൂര ഒരു മാസം മുന്‍പു ബസ് ഇടിച്ചു തകര്‍ന്നിരുന്നു. ഇതിനുശേഷം ഭൂഗര്‍ഭസംഭരണി സ്ഥാപിക്കുകയും കഴിഞ്ഞ ആഴ്ച 10,000 ലിറ്റര്‍ ഡീസല്‍ നിറയ്ക്കുകയും ചെയ്തു. ഇപ്പോഴും പമ്പ് എന്നു തുറക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. സുരക്ഷാപരിശോധകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് പമ്പ് തുറക്കാന്‍ തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനിടയില്‍ പത്തനംതിട്ടയിലെ പമ്പും ബസ് സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചു. ഇതോടെ പത്തനംതിട്ട ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സ്വന്തമായി ഡീസല്‍ അടിക്കാനുള്ള സൗകര്യം അടൂരില്‍ മാത്രമായി ചുരുങ്ങി.
അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ തിരുവല്ലയില്‍ ഡീസല്‍ നിറയ്ക്കല്‍ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്. പമ്പിന്റെ അഭാവം ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും താളംതെറ്റിക്കുന്നു. ഓര്‍ഡിനറി ഷെഡ്യൂള്‍ 80-ഓളം ഉണ്ടെങ്കിലും ദിവസം ശരാശരി 66 എണ്ണം മാത്രമാണു നടത്തുന്നത്. ആറ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസും മൂന്നു സൂപ്പര്‍ ഫാസ്റ്റ് സര്‍വീസും ബംഗളൂരു, മധുര എന്നീ രണ്ട് അന്തര്‍ സംസ്ഥാന സര്‍വീസുകളും ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസുകള്‍ എല്ലാം മറ്റുഡിപ്പോകളെ ആശ്രയിച്ചാണ് സര്‍വീസ് നടത്തിവരുന്നത്. ഓര്‍ഡിനറി ബസുകള്‍ക്കു ഡീസല്‍ അടിക്കുന്നതു പലപ്പോഴും അനാവശ്യ ചെലവു വരുത്തുന്നതായും ആക്ഷേപമുണ്ട്.
ഡീസല്‍ അടിക്കുന്നതിനു മാത്രമായി ചെങ്ങന്നൂര്‍, ചങ്ങനാശേരി സര്‍വീസുകള്‍ നടത്തേണ്ടിവരുന്നു. 100 രൂപ പോലും വരുമാനം കിട്ടാതെയാണ് ഇങ്ങനെ സര്‍വീസ് നടത്തേണ്ടി വരുന്നത്. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്കാണ്് കൊണ്ടെത്തിക്കുന്നത്. മല്ലപ്പള്ളി, എടത്വ ഡിപ്പോകളും തിരുവല്ലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഈ ഡിപ്പോകളിലെ ബസുകളും ഇപ്പോള്‍ ഡീസല്‍ ശേഖരിക്കേണ്ടത് ഇതര ഡിപ്പോകളില്‍ നിന്നാണ്. ഓര്‍ഡിനറി ബസുകള്‍ ഡീസല്‍ അടിക്കാന്‍ മാത്രമായി ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചിരിക്കുകയാണ്.