കോലഞ്ചേരി: റിഫൈനറി വികസനത്തിന്റെ മറവില്‍ തിരുവാണിയൂര്‍ വില്ലേജില്‍ ഇരുനൂറേക്കറിലധികം പാടശേഖരം നികത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുളള കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ സജോ സക്കറിയ ആന്‍ഡ്രൂസാണ് പരാതിക്കാരന്.
ഒരു തുണ്ട് കൃഷിഭൂമി പോലും അനധികൃതമായി നികത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തിരുവാണിയൂര്‍ വില്ലേജിലെ നികത്തല്‍ സംബന്ധിച്ച് സര്‍ക്കാരിന് ഉടനടി റിപ്പോര്‍ട്ട് നല്‍കുമെന്നും അദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2014 ഫെബ്രുവരി 22നും ജൂണ്‍ നാലിനും ഇറക്കിയ ഉത്തരവുകളുടെ മറവിലാണ് അനധികൃതമായി നൂറേക്കറിലധികം പാടശേഖരം മണ്ണിട്ട് നികത്തിയത്.
കൊച്ചി റിഫൈനറിയുടെ പദ്ധതി വിപുലീകരണത്തിനും പുതുതായി പെട്രോകെമിക്കല്‍ ജോയിന്റ് വെഞ്ച്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി പാടം നികത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി റിഫൈനറി ജനറല്‍ മാനേജര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ തിരുവാണിയൂര്‍ വില്ലേജില്‍ പെടുന്ന 56 ഏക്കര്‍ പാടശേഖരം നികത്താന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതാ ബിശ്വാസാണ് അനുമതി നല്‍കിയത്.
ഈ അനുമതിയുടെ മറവിലാണ് സ്വകാര്യ വ്യക്തികളും ഭൂമാഫിയയും ചേര്‍ന്ന് ഇരുനൂറേക്കറിലധികം പാടശേഖരം മണ്ണിട്ട് നികത്തിയത്. തിരുവാണിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 4-2 മുതല്‍ 65-2 വരെയുളള 27.63 ഏക്കര്‍ സ്ഥലവും ഇതേ വില്ലേജിലെ തന്നെ സര്‍വ്വേ നമ്പര്‍ 2-2 മുതല്‍ 11-7 വരെയുളള 29 ഏക്കര്‍ സ്ഥലവുമാണ് റിഫൈനറി അധികൃതരുടെ അപേക്ഷയില്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഈ അനുമതി ഭൂമാഫിയ മുതലെടുക്കുകയായിരുന്നെന്നാണ് പാടം നികത്തല്‍ തെളിയിക്കുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പാടം നികത്തല്‍ വ്യാപകമായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കുന്നത്തുനാട് തഹസില്‍ദാര്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു പാടം നികത്തല്‍ തടഞ്ഞിരുന്നു.