തീരത്തടിഞ്ഞ കപ്പല്‍ 21നകം മാറ്റുമെന്ന് കമ്പനി പ്രതിനിധികള്‍

KLM-KAPPALകൊല്ലം: കാക്കത്തോപ്പ് തീരത്തടിഞ്ഞ കപ്പല്‍ ഉള്‍ക്കടലില്‍ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് കപ്പല്‍കമ്പിനി പ്രതിനിധികള്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കപ്പല്‍ ഉടമകളുടെയും യോഗത്തില്‍ 21നകം കപ്പല്‍ തീരത്തുനിന്നും മാറ്റുമെന്ന് പ്രതിനിധികള്‍ ഉറപ്പുനല്‍കി.21ന് മുമ്പ് തന്നെ കപ്പല്‍ തീരത്തുനിന്നും മാറ്റണമെന്നും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കപ്പല്‍കമ്പനിക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കപ്പല്‍ തീരത്തടിഞ്ഞത് കാരണം തീരദേശവാസികളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പ്രദേശത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കപ്പല്‍കമ്പനിക്ക് ഉത്തരവാദിത്വമുണെ്ടന്ന് യോഗത്തില്‍ പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സതീഷ് ബിനോ പറഞ്ഞു.മണല്‍ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മിച്ചതിനുശേഷം കപ്പലിന്റെ വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്താല്‍ മാത്രമേ ടഗ്ഗ് ഉപയോഗിച്ച് കപ്പല്‍ കെട്ടിവലിക്കാന്‍ കഴിയൂ. ഇതിനുള്ള മണല്‍ ചാക്കുകളും മറ്റ് സാങ്കേതിക സഹായവും കെഎംഎംഎല്ലില്‍ നിന്നും ലഭ്യമാക്കാന്‍ യോഗത്തില്‍ ധാരണയായി.

കടല്‍ക്ഷോഭം രൂക്ഷമാകുന്നതിനാല്‍ പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാനും കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തീരം ഇടിയുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ എഡിഎം ഐ.അബ്ദുള്‍ സലാം, ആര്‍ഡിഒ വി.രാജചന്ദ്രന്‍, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ ഹരി എ.വാര്യര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ എം.വി. കുര്യാക്കോസ്, തുറമുഖ എന്‍ജിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി കെ.ലോട്ടസ്, കൗണ്‍സിലര്‍മാരായ ഗിരിജ സുന്ദരന്‍, ബേബി സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts