തീരദേശ മേഖലകളില്‍ കൂടിവെള്ളക്ഷാമം രൂക്ഷം

tvm-kudivellamവിഴിഞ്ഞം : വേനല്‍ കടുത്തതോടെ തീരദേശത്ത് ജലക്ഷാമം രൂക്ഷം. പണം കൊടുത്താലും കുടിവെള്ളം കിട്ടാനില്ലെന്ന സ്ഥിതിയാണ്. എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളക്ഷാമം നേരിടാറുണെ്ടങ്കിലും ഇത്തവണ കടുത്ത ജലക്ഷാമത്തിനാണ് നാട്ടുകാര്‍ സാക്ഷ്യം വഹിക്കുന്നത്. തീരദേശത്തെ വിഴിഞ്ഞം, കോട്ടപ്പുറം, ഹാര്‍ബര്‍ വാര്‍ഡുകളുടെ മിക്ക പ്രദേശങ്ങളും കുടിവെള്ള ക്ഷാമം നേരിടുന്നു. വാട്ടര്‍ അഥോറിറ്റിയുടെയും നഗരസഭയുടെ കുടിവെള്ള ടാങ്കര്‍ ലോറികള്‍ പലയിടത്തും എത്തുന്നില്ല. സ്വകാര്യ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളം വില കൊടുത്താണ് ആളുകള്‍ വാങ്ങുന്നത്. ഒരു കുടത്തിന് നാലുരൂപ വരെയാണ് ഈടാക്കുന്നത്.

ഇപ്പോള്‍ അതും കിട്ടാനില്ലെന്നാണ് ജനങ്ങളുടെ പരാതി. തീരദേശ വാര്‍ഡുകളില്‍ കോട്ടപ്പുറം,മതിപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കോട്ടപ്പുറം വാര്‍ഡില്‍ കരിമ്പള്ളിക്കര, കടയ്ക്കുളം കോളനി, ഒസാവിള കോളനി, ചരുവിള കോളനി, കോട്ടപ്പുറം, കുരിശടി, തുലവിള, കടയ്ക്കുളം, പനവിളക്കോട് ക്ഷേത്രത്തിനുസമീപം, കുന്നുവിള തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടത്തെ പൊതുടാപ്പുകളില്‍ ദിവസങ്ങളായി വെള്ളം വരുന്നില്ല. സ്വകാര്യ ടാങ്കര്‍ ലോറികളില്‍ എത്തുന്ന വെള്ളമാണ് ഇവിടുത്തുകാര്‍ പ്രധാനമായി ആശ്രയിക്കുന്നത്.

സ്വകാര്യ ടാങ്കറുകളിലെ ജലവില്‍പനയ്ക്ക് വിലക്കുള്ളതിനാല്‍ അതിനെ അധികമായി ആശ്രയിക്കാനുമാകുന്നില്ല. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കോട്ടപ്പുറം വാര്‍ഡില്‍ ജല അഥോറിറ്റി പൈപ്പ് ലൈനുകള്‍ എത്താത്ത സ്ഥലങ്ങളുമുണ്ട്. ദിവസങ്ങള്‍ക്കുശേഷം വ്യാഴാഴ്ച വാര്‍ഡിലെ ചില സ്ഥലങ്ങളില്‍ വിഴിഞ്ഞം വില്ലേജില്‍നിന്ന് ടാങ്കറില്‍ ജലവിതരണം നടത്തിയത് ജനങ്ങള്‍ക്ക് തെല്ല് ആശ്വാസമായി. ആഴ്ചയിലൊരിക്കലാണ് വിഴിഞ്ഞം വാര്‍ഡില്‍ ജല അഥോറിറ്റി പൈപ്പ് ലൈനുകളില്‍ വെള്ളമെത്തുന്നത്.

ജനപ്രതിനിധികളും പ്രദേശവാസികളും നിരവധിതവണ പരാതിപ്പെട്ടിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. നഗരസഭയുടെ കുടിവെള്ളം എത്തുന്നുണെ്ടങ്കിലും അത് ആവശ്യത്തിനു തികയുന്നില്ല. പുളിമൂട്ടുവിളയാണ് വാര്‍ഡില്‍ ജലക്ഷാമം രൂക്ഷമായ പ്രദേശം. പള്ളിത്തുറ, തെന്നവിളാകം, വടുവച്ചാല്‍, കര്‍ബല ജംഗ്ഷന്‍, ലക്ഷംവീട് എന്നിവിടങ്ങളിലും വെള്ളമില്ല. ഹാര്‍ബര്‍ വാര്‍ഡില്‍ മതിപ്പുറം ഭാഗത്താണ് കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷം. വാര്‍ഡില്‍ പൈപ്പ്‌ലൈന്‍ വഴി വെള്ളം കിട്ടുന്നില്ല. ഇവിടെ പലയിടത്തും ടാപ്പുകളുടെയും പൈപ്പ്‌ലൈനുകളുടെയും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. നഗരസഭയുടെ കുടിവെള്ള ടാങ്കറുകളെയാണ് പ്രദേശവാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത്.

മറ്റു തീരദേശ വാര്‍ഡുകളെ അപേക്ഷിച്ച് കൃഷിസ്ഥലങ്ങളും കിണറുകളുമുള്ള മുല്ലൂര്‍ വാര്‍ഡില്‍ കുടിവെള്ളക്ഷാമം താരതമ്യേന കുറവാണ്. എന്നാല്‍ വാര്‍ഡില്‍ കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമമുണ്ട്. തലയ്‌ക്കോട്, പഞ്ചവടി, മുക്കോല തുടങ്ങിയ സ്ഥലങ്ങളില്‍ ജലക്ഷാമം നേരിടുന്നതായി നാട്ടുകാര്‍ പറയുന്നു.

Related posts