തീരദ്ദേശ മേഖലയുടെ വികസനത്തിനു മുന്‍കൈയെടുക്കും: ടി.വി.രാജേഷ്

KNR-TVRAJESHപഴയങ്ങാടി: പുതിയങ്ങാടി-മാട്ടൂല്‍ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനു പദ്ധതികള്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുക്കുമെന്നു ടി.വി.രാജേഷ് എംഎല്‍എ. തീരദേശ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടു പുതിയങ്ങാടി കടക്കോടി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയങ്ങാടി ജിഎംയുപി സ്കൂളിനു പുതിയ കെട്ടിടം, ചൂട്ടാട് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, പുതിയങ്ങാടി ഫിഷറീസ് ആശുപത്രിക്കു പുതിയ കെട്ടിടം, വീടില്ലാത്ത മത്സ്യതൊഴിലാളിക്കു ഫ്‌ളാറ്റ്, കുടിവെള്ളം, കടല്‍ഭിത്തി നിര്‍മാണം, പുലിമുട്ട്, പുതിയങ്ങാടി ഹാര്‍ബര്‍, ആധുനിക ഐസ്പ്ലാന്റ്, ഹൈമാസ്റ്റ് ലൈറ്റുകള്‍, പുതിയങ്ങാടി-ചൂട്ടാട് റോഡ് വീതി കൂട്ടി ടാറിംഗ്, കക്കാടംചാല്‍-മാട്ടൂല്‍ സൗത്ത് തീരദേശ റോഡ് നിര്‍മാണം, നെറ്റ് റിപ്പേറിംഗ് യാര്‍ഡ്, മത്സ്യ തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള കേന്ദ്രം, പുതിയങ്ങാടി മത്സ്യഗ്രാമം പദ്ധതി,  വാടിക്കല്‍ കടവില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, മാട്ടൂല്‍ സൗത്ത് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, മാട്ടൂല്‍ ഫിഷര്‍മെന്‍ കോളനി റോഡ്, മാട്ടൂല്‍ സൗത്ത് കുടുംബക്ഷേമ ഉപകേന്ദ്രത്തിനു പുതിയ കെട്ടിടം എന്നീ പദ്ധതികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് വഴി എസ്റ്റിമേറ്റുകള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു.

ജൂണ്‍ 21 ന്  ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതല സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പുതിയങ്ങാടി ഹാര്‍ബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു തിരുവന്തപുരത്തു മന്ത്രിതല യോഗം വിളിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഏ.വി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ് എംഎല്‍എ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പവിത്രന്‍, പഞ്ചായത്തംഗം മമ്മസന്‍ ആഷ്‌റഫ്, വി. വിനോദ്, കെ.ഭാര്‍ഗവന്‍, കെ.വി.സത്യപാലന്‍, പി.ജനാര്‍ദനന്‍, സി.എച്ച് അഷ്‌റഫ്, കെ.മധു കടക്കോടി, ടി.കെ. മുസ്തഫ, എസ്.എ.പി.റഹ്മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.  വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എസ്. ഷൈലജ, അബ്ദുള്‍ ജബാര്‍, സുനില്‍ കുമാര്‍, പി.ഒ.മാര്‍ട്ടിന്‍, വിഷ്ണു, കെ.വി.സരിത എന്നിവരും പങ്കെടുത്തു.

Related posts