തളിപ്പറമ്പ്: പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കെട്ടിടം ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുന്നതായി ആക്ഷേപം. മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശന കവാടം നിര്‍മിക്കാന്‍ പൊളിച്ചു മാറ്റാനിരിക്കുന്ന തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി .എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസ് കെട്ടിടമാണ് ആറ് ലക്ഷം രൂപ ചെലവില്‍ ടൈല്‍സ് പാകിയും റാമ്പ് നിര്‍മിച്ചും ഗ്രില്‍സ് പിടിപ്പിച്ചും മോടികൂട്ടികൊണ്ടിരിക്കുന്നത്.
താലൂക്ക് ഓഫീസ് വളപ്പിലെ മിനി സിവില്‍ സ്റ്റേഷനിലേക്ക് സ്വന്തമായി പൊതുവഴി ഇല്ലാത്തതിനാല്‍ താലൂക്ക് ഓഫീസ് ഗേറ്റിലൂടെയാണ് പ്രവേശനം. ജയിംസ് മാത്യു എംഎല്‍എ മുന്‍കൈയെടുത്താണ് മിനി സിവില്‍സ്റ്റേഷനിലേക്ക് പുതിയ കവാടം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ഇതിന് വേണ്ടി ഇലക്ഷന്‍ വിഭാഗം ഓഫീസും പൊതുമരാമത്ത് വകുപ്പിന്റെ ഈ കെട്ടിടവും പൊളിച്ചുമാറ്റാനും തീരുമാനിച്ചിരുന്നുൂ. ഇലക്ഷന്‍ വിഭാഗം ഒരു വര്‍ഷം മുമ്പേ തന്നെ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അനുവദിച്ച മിനി സിവില്‍സ്റ്റേഷനിലെ ഓഫീസിലേക്ക് മാറാതെ പൊതുമരാമത്ത് വകുപ്പ് ഇവിടെ തന്നെ തുടരുകയാണ്. അതിനിടയിലാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള മോടികൂട്ടല്‍.