തൃശൂരില്‍ വ്യാപാരി മാര്‍ച്ച് അക്രമാസക്തമായി; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി

TCR-POLICEസ്വന്തം ലേഖകന്‍
തൃശൂര്‍: അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് കടകളടച്ചിട്ടു വ്യാപാരികള്‍ വാണിജ്യ നികുതി വകുപ്പിന്റെ തൃശൂര്‍ ജില്ലാ ആസ്ഥാന മന്ദിര സമുച്ചയത്തിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കല്ലേറില്‍ വാണിജ്യ നികുതി വകുപ്പ് ഓഫീസ് സമുച്ചയത്തിന്റേയും വാഹനങ്ങളുടേയും ചില്ലുകള്‍ തകര്‍ന്നു. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. കാമ്പസില്‍ കയറിയിരുന്നു സമരം നടത്തിയിരുന്നവരെ പോലീസ് ലാത്തികൊണ്ട് അടിച്ചോടിച്ചു. നിരവിധ പേര്‍ക്കു പരിക്കുണ്ട്. ജില്ലാ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ അടക്കം ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരി നേതാക്കള്‍. ഇന്നു രാവിലെ പത്തരയോടെയാണ് പൂങ്കുന്നത്തെ വാണിജ്യ നികുതി ഓഫീസ് സമുച്ചയത്തിനു മുന്നിലേക്ക് വ്യാപാരികള്‍ മാര്‍ച്ചുമായി എത്തിയത്. തുറന്നുകിടന്ന ഗേറ്റിനു മുന്നില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

മൂവായിരത്തോളം വ്യാപാരികള്‍ കാമ്പസിനകത്തു കയറിയിരുന്നു മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം തുടങ്ങുന്നതിനിടെ പോലീസ് എല്ലാവരേയും കാമ്പസില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ചു. പുറത്തുപോകില്ലെന്നു വ്യാപാരികള്‍ ശഠിച്ചു. ഇതിനിടെ പിറകിലെ ഗേറ്റിനരികിലേക്ക് മുദ്രാവാക്യം വിളികളുമായി ഒരു സംഘം എത്തി. പൂട്ടിക്കിടന്ന ഗേറ്റ് അവര്‍ ബലം പ്രയോഗിച്ചു പൊക്കി മാറ്റുകയും കാമ്പസിലേക്കു കയറുകയും ചെയ്തു. ഇതോടെ പോലീസ് അങ്ങോട്ടു തിരിഞ്ഞു. ഇതിനിടെ കല്ലേറുണ്ടായി. സംഭവം നടക്കുമ്പോള്‍ വളരെ കുറച്ചു പോലീസുകാര്‍ മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്. അവര്‍ ഓടിയെത്തി കല്ലെറിഞ്ഞവരെ ലാത്തിവീശി ഓടിച്ചു. ലാത്തിച്ചാര്‍ജില്‍ ഏതാനും വ്യാപാരികള്‍ക്കു പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയില്‍നിന്ന് രക്തമൊലിച്ച വ്യാപാരിയേയും പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി.

ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍ അടക്കം എട്ടു പേരെ പിടികൂടി പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയതോടെ വ്യാപാരികള്‍ അക്രമാസക്തരായി. വീണ്ടും കല്ലേറുണ്ടായതോടെ പോലീസ് പിന്നേയും ലാത്തിവീശി. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ആഹ്വാനം ചെയ്തതനുസരിച്ചാണു വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചുകൊണ്ട് വാണിജ്യ നികുതി സമുച്ചയത്തിലേക്കു മാര്‍ച്ചു നടത്തിയത്. ഏകോപന സമിതി നേതാക്കളായ അബ്ദുള്‍ ഹമീദ്, ജോര്‍ജ് കുറ്റിച്ചാക്കു, ഡോ. എം. ജയപ്രകാശ് തുടങ്ങിയ നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു.

വ്യാപാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ കടയടപ്പ് സമരം ജനങ്ങളെ വലച്ചു. തൃശൂര്‍ നഗരത്തിലെ കടക അടഞ്ഞു കിടന്നു. ഉള്‍പ്രദേശങ്ങളിലുള്ള ഏതാനും കടകള്‍ മാത്രമാണ് തുറന്നത്. ശക്തന്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യാപാര കേന്ദ്രങ്ങള്‍ ഹര്‍ത്താലിന് സമാനമായ പ്രതീതിയാണ്. കുന്നംകുളം, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ടൗണ്‍ മേഖലകളിലും സമരം പൂര്‍ണമാണ്. ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ മിക്ക ഹോട്ടലുകളും തുറന്നിട്ടില്ല.

വൈകീട്ട് ആറുവരെയാണ് സമരം. ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് പെട്രോള്‍ ട്രേഡേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാലത്തേക്കു പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതിനാല്‍ നഗരത്തില്‍ വാഹനങ്ങളും കുറവാണ്. ഇന്നലെ പമ്പുകള്‍ക്കു മുന്നില്‍ പെട്രോള്‍ അടിക്കാനെത്തിയവരുടെ വമ്പന്‍ ക്യൂ കാണാമായിരുന്നു. ഇന്നു ചുരുക്കം ചിലയിടങ്ങളിലെ പമ്പുകള്‍ മാത്രമാണു തുറന്നത്.

Related posts