
തൃശൂർ: ഐഎഫ്എഫ്ടിയുടെ 15-ാമത് ചലച്ചിത്രോത്സവം മാർച്ച് ആറുമുതൽ 12 വരെ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി 26 വിദേശസിനിമകൾ ഉൾപ്പടെ 100 സിനിമകൾ പ്രദർശിപ്പിക്കും.
തൃശൂർ ചലച്ചിത്ര കേന്ദ്രം, ബാനർജി ക്ലബ്, സെന്റ്് തോമസ് കോളജ്, കെ.ഡബ്ല്യു. ജോസഫ് മെമ്മോറിയൽ, പ്രസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. രാമദാസ്, രവികൃഷ്ണ തിയറ്ററുകളാണ് മുഖ്യവേദി. സെമിനാർ, പ്രഭാഷണം, മാസ്റ്റർ ക്ലാസ് എന്നിവ ബാനർജി ക്ലബിലാണ് നടക്കുക.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മിനം ആഘോഷിക്കുന്ന വേളയിൽ നവാഗത സംവിധായകരുടെ വിഭിന്ന കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കാനായി ആഫ്രോ-ഏഷ്യൻ സിനിമയ്ക്കായുള്ള “മഹാത്മാഗാന്ധി ആഫ്രോ-ഏഷ്യൻ അവാർഡ്’ ഏർപ്പെടുത്തുന്നുണ്ട്.
രണ്ടുലക്ഷം രൂപയാണ് അവാർഡ് തുക. ടുണീഷ്യ, അൾജീരിയ, സുഡാൻ, മൊറോക്കോ, സൗത്ത് കൊറിയ, തായ്ലൻഡ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒന്പതു സിനിമകളാണ് ഈ വിഭാഗത്തിൽ മത്സരത്തിനുള്ളത്.
സുപ്രിയ മടങ്ങർലി ഫെസ്റ്റിവെൽ ഡയറക്ടറും അരുണ വാസുദേവ് ജൂറി ചെയർപേഴ്സണും ആയിരിക്കും. ഫെസ്റ്റിവെൽ പാസിനു മുതിർന്നവരിൽനിന്നും 1200 രൂപയും വിദ്യാർഥികളിൽനിന്നും 500 രൂപയുമാണ് ഈടാക്കുക.
ഫെസ്റ്റിവെലിന്റെ രക്ഷാധികാരി ഡോ. കെ. ഗോപിനാഥൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ്, വൈസ് ചെയർമാൻ കെ. രാജൻ, കെ.എൻ ബാലഗോപാലൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.