ന്യൂഡല്‍ഹി: കെപിസിസി സംഘടനാ തലത്തില്‍ കാതലായ മാറ്റം വേണമെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്.
പാര്‍ട്ടിയുടെ എല്ലാ തലത്തിലും പുനക്രമീകരണം നടത്തുക എന്ന നിര്‍ദ്ദേശം രാഹുല്‍ അംഗീകരിച്ചു. എല്ലാവരുമായി ആലോചിച്ച് തര്‍ക്കങ്ങളില്ലാതെ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ സാധാരണമാണെന്നും ശക്തമായി തിരിച്ചുവരണണെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചതായി സുധീരന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുമെന്നും ജൂണ്‍ 20ന് എല്ലാ നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്നും സുധീരന് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. എല്ലാവരെയും ഒരുപോലെ കാണുമെന്ന പ്രഖ്യാപിച്ച മുഖ്യമന്ത്രി ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഇരിക്കുകയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ 60 ഓളം ആക്രമണങ്ങളാണ് നടന്നത്. ഇതിനെതിരേ ഈ നിമിഷം വരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സുധീരന് കുറ്റപ്പെടുത്തി. പത്തനാപുരത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകളും മറ്റ് വസ്തുക്കളും അടിച്ചുതകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും നടപടി എടുത്തില്ലെന്നും ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. വിഷയത്തിലുണ്ടാക്കിയ ആശയക്കുഴപ്പം മാറ്റാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി നിര്‍വാഹക സമിതിയില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നിട്ടില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പറഞ്ഞ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെന്നും വി.എം.സുധീരന് കൂട്ടിച്ചേര്‍ത്തു.