കായംകുളം: തെരഞ്ഞെടുപ്പുകള്‍ മാറിമാറി വന്നിട്ടും ഈ ചുവരെഴുത്തു മാത്രം മാഞ്ഞിട്ടില്ല. മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ വള്ളികുന്നം ചൂനാട് ചന്തമുക്കിലെ മാരൂര്‍ കെട്ടിടത്തിനു മുകളില്‍ 40 വര്‍ഷം മുമ്പെഴുതിയ ചുവരെഴുത്താണ് കാലത്തിനും മായ്ക്കാനാവാതെ നില്‍ക്കുന്നത്. ചുവരെഴുത്തിനു തിളക്കം കുറവാണെങ്കിലും നാട്ടുകാരുടെ മനസില്‍ പക്ഷേ ഈ ചുവരെഴുത്ത് ആവേശം ജ്വലിപ്പിക്കും.
ഇന്ദിര കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയിലെ എന്‍ഡിപി സ്ഥാനാര്‍ഥിയായിരുന്ന തേവള്ളി മാധവന്‍ പിള്ളയ്ക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ചുള്ളതാണ് ഈ ചുവരെഴുത്ത്. അന്ന് ഇടതു സഖ്യത്തില്‍ ആന്റണി പക്ഷത്തുനിന്നു മത്സരിച്ച പ്രഫ. പി.ജെ. കുര്യനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 1980 ലെ നിര്‍ണായക രാഷ്ട്രീയ നിലപാടാണ് ചുവരെഴുത്തില്‍.
വാചകം ഇങ്ങനെ 80ല്‍ ഇന്ദിര ഇന്ത്യ ഭരിക്കും അതുകണ്ട് എം.എന്‍ പിന്നെയും വാലാട്ടും, ആന്റണി അതു കണ്ടു തൂങ്ങി മരിക്കും… നമ്പൂതിരി ഞെട്ടിവിറയ്ക്കും ഇന്ദിരയെ വിളിക്കൂ… ഇന്ത്യയെ രക്ഷിക്കൂ… എന്ന ആവേശം പകരുന്ന വാക്കുകളാണു ചുവരെഴുത്തില്‍ മായാതെ നില്‍ക്കുന്നത്. തേവള്ളിക്കു ആന ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിക്കുന്നതോടൊപ്പം പ്രഫ. പി.ജെ. കുര്യനെ കെട്ടു കെട്ടിക്കണമെന്നും ആഹ്വാനത്തിലുണ്ട് ഇടത് തട്ടിപ്പ് വെട്ടിപ്പ് കുറുക്കു കമ്പനിയെ അമ്പേ പരാജയപ്പെടുത്തുക എന്നുമാണ് കാലം മായ്ക്കാത്ത വരികള്‍.
തെരഞ്ഞെടുപ്പില്‍ പക്ഷേ ,തേവള്ളി മാധവന്‍ പിള്ളയെ പ്രൊഫ പി.ജെ. കുര്യന്‍ പരാജയപ്പെടുത്തി. കാലം പിന്നിട്ടപ്പോള്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് എന്‍ഡിപി അപ്രത്യക്ഷമാകുകയും ചെയ്തു.