കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആയുധങ്ങള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ക്കും വേണ്ടിയുള്ള റെയ്ഡ് ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലയില്‍ പാനൂര്‍, തളിപ്പറമ്പ്, തലശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ ആയുധങ്ങള്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹകരണത്തോടെയാണ് വ്യാപക പരിശോധന നടക്കുന്നത്.
ഇരിട്ടി, കൂട്ടുപുഴ ഭാഗങ്ങളില്‍ എല്ലാ വിഭാഗങ്ങളോടും പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനപരിശോധനയും വരുംദിവസങ്ങളില്‍ തുടരും. നേരത്തെ സംഘര്‍ഷം നിലനിന്നിരുന്ന അഴീക്കോട്, ചക്കരക്കല്‍, പാനൂര്‍, അരോളി, കതിരൂര്‍ ഭാഗങ്ങളില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും സന്ദര്‍ശനം നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ആള്‍ ബലം ഇല്ലാത്ത പരിധികളില്‍ കൂടുതല്‍ എആര്‍ സേനകളെയും രംഗത്തിറക്കും. ഇതുസംബന്ധിച്ച അടിയന്തര യോഗം അടുത്തദിവസം ചേരും.