മുക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് ശക്തികേന്ദ്രങ്ങളിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മറ്റിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ലീഗ് നേതൃത്വം. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിനെ പ്രതിരോധിക്കാനോ ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ ലീഗ് നേതൃത്വം ഇതു വരെ തയ്യാറായിട്ടില്ല. ഇത് തെറ്റ് സമ്മതിച്ചതായി തങ്ങള്‍ കരുതണമോയെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്.
അങ്ങിനെയെങ്കില്‍ പിന്നെ എന്തിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചതെന്നും ഇവര്‍ ചോദിക്കുന്നു. അതിനിടെനിയോജക മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ട നടപടിക്കെതിരേയും പ്രാദേശി നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നു. മണ്ഡലം കമ്മിറ്റി കളോടൊപ്പം നഗരസഭ, പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. 2 നഗരസഭാ കമ്മറ്റികളും 12 പഞ്ചായത്ത് കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നിട്ടുള്ളത്. മുസ്‌ലിം ലീഗില്‍ സമഗ്ര അഴിച്ചു പണിയുടെ ഭാഗമായി തിരുവമ്പാടി, കൊടുവളളി നിയോജക മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടിരുന്നു.
ജില്ലയില്‍ മുസ്‌ലിം ലീഗിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന രണ്ട് മണ്ഡലമായിരുന്നു തിരുവമ്പാടിയും കൊടുവള്ളിയും. സംഘടനയിലെ വിഭാഗീയത മൂലമാണ് രണ്ട് മണ്ഡലങ്ങളിലും ലീഗിന് കനത്ത തോല്‍വി നേരിടേണ്ടി വന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകമാണ് രണ്ട് സീറ്റിലെയും തോല്‍വിക്ക് പ്രധാരണ കാരണമെന്നും ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടും ചില നേതാക്കളുടെ ദുര്‍വാശിയുമാണ് തോല്‍വിയിലേക്ക് നയിച്ചതെന്നു മാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വിലയിരുത്തുന്നത്. ഇതില്‍ കൊടുവള്ളിയിലെ തോല്‍വിയാണ് പാര്‍ട്ടിയെ ഏറെ ഞെട്ടിച്ചത്.കഴിഞ്ഞ തവണ വി.എം. ഉമ്മര്‍ മാസ്റ്റര്‍ 17000 ത്തില്‍പരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഏറ്റവും വലിയ പരാജയ കാരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
തോല്‍വിയേക്കാളേറെ ലീഗ് വിമതനായ കാരാട്ട് റസാഖ് ഇടത് പിന്തുണയോടെ വിജയിച്ചത് ഏറെ കാലം പാര്‍ട്ടി നേതാക്കളുടെ ഉറക്കം കെടുത്തും. കാരാട്ട് റസാഖ് സ്ഥാനാര്‍ത്ഥിയായി രംഗത്തു വരാനും സ്ഥാനാര്‍ഥി നിര്‍ണയമാണ് പങ്കുവഹിച്ചത്. ശക്തമായ സ്വാധീനമുളള കൊടുവളളി നഗരസഭ, കിഴക്കോത്ത് , താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ കനത്ത വോട്ട് ചോര്‍ച്ചയാണ് ലീഗിനുണ്ടായത്. സ്ഥാനാര്‍ഥി ജില്ലാ സെക്രട്ടറിയായ എം.എ റസാഖ് മാസ്റ്ററോട് ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്. പ്രാദേശികമായും ചില വിഭാഗങ്ങളുമായും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന റസാഖ് മാസ്റ്ററെ ചിലയാളുകളുടെ താത്പര്യത്തിനു വേണ്ടി വലിച്ചിഴക്കുകയായിരുന്നുവെന്നും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ അടക്കം പറയുന്നു|്. മണ്ഡലത്തില്‍ ജനകീയനായിരുന്ന ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേ ക്ക് മാറ്റിയതില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കുളള എതിര്‍പ്പും തോല്‍വിക്ക് കാരണമായിരുന്നു.
ജില്ലയില്‍ മുസ്‌ലിം ലീഗ് ഏറെ പ്രതീക്ഷ വച്ചിരുന്ന മറ്റൊരു മണ്ഡലമായിരുന്നു തിരുവമ്പാടി. ഇവിടെ സിറ്റിംഗ് എംഎല്‍എ സി. മോയിന്‍കുട്ടിയെ മാറ്റിയതോടെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ ഒട്ടേറെ വികസനത്തിന് നേതൃത്വം നല്‍കിയതിലൂടെ ഏറെ സ്വാധീനമുള്ള മോയിന്‍കുട്ടിയെ ചില താത്പര്യങ്ങളും ഇടപെടലുകളും മൂലമാണ് മാറ്റിയത്. മോയിന്‍കുട്ടിക്ക് ഏറെ സ്വാധീനമുള്ള പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും അതുകൊണ്ടുതന്നെ യുഡിഎഫിന് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല.
മുക്കത്ത് നിന്ന് മാത്രം 3000 വോട്ടിന്റെ ലീഡാണ് ഇടത് സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫ് ലീഡ് പ്രതീക്ഷിച്ച കൊടിയത്തൂരില്‍ ഇടതു മുന്നണിക്കാണ് വോട്ട് അധികം ലഭിച്ചത്. പല പഞ്ചായത്തുകളിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉടലെടുത്ത വിഭാഗീയതയ്ക്ക് പരിഹാരം കാണാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാതിരുന്നതും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെ യാതൊരു നടപടിയെടുക്കാത്തതും അണികള്‍ക്ക് അതൃപ്തിക്ക് കാരണമായി.ഇത് കൂടാതെ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ചില പ്രാദേശിക നേതാക്കളെ കൊടിയത്തൂര്‍ പന്നിക്കോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ചതും തോല്‍വിയുടെ കാരണമായി പറയുന്നു.
വിഭാഗീയതയ്‌ക്കെതിരെ നടപടിയെടുക്കേണ്ട നേതൃത്വം തന്നെ രണ്ട് ചേരികളില്‍നിന്ന് ഗ്രൂപ്പിന് നേതൃത്വം നല്‍കുകയായിരുന്നുവെന്നും വിമര്‍ശനമുണ്ട്. പ്രാദേശിക പ്രശ്‌നങ്ങളോടൊപ്പം പ്രധാന പ്രശ്‌നം നേതൃത്വം പരിഗണിച്ചിട്ടില്ലെന്നാണ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം. മണ്ഡലം, കീഴ്ഘടകങ്ങളുടെയും പിരിച്ചുവിടലിനോടൊപ്പം ജില്ലാ നേതൃത്വത്തിലെ ചിലരുടെ ഇടപെടല്‍ കൂടി ഇതോടൊപ്പം അന്വേഷണ വിധേയമാക്കണമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. പിരിച്ചുവിട്ട കമ്മറ്റിക്ക് പകരം പുതിയ കമ്മറ്റിയെ നിയമിച്ചിട്ടില്ല. ഗ്രൂപ്പില്ലാത്തവരെ കണ്ടെത്തി ചുമതല നല്‍കാനാണ് നീക്കം. ഇതിനായി ജില്ലാ സംസ്ഥാന നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുമെന്നാണ് വിവരം.