കൊട്ടാരക്കര: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ മദ്യത്തിന്റെ നിര്‍മാണവും കടത്തും വര്‍ധിച്ചു. വ്യാജമദ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ വരവും വര്‍ധിച്ചു. ഇതിന്റെ വിലയും വര്‍ധിപ്പിച്ചതായാണ് വിവരം. സീസണ്‍കാല വില്‍പ്പനയ്ക്ക് മദ്യലോബികള്‍ തയാറെടുത്തതായാണ് സൂചന. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നിരവധി ലോഡ് സ്പിരിറ്റ് ചെക്കുപോസ്റ്റുകള്‍ വഴി സംസ്ഥാനത്ത് എത്തിച്ചേര്‍ന്നതായാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരം. എത്തിച്ചേര്‍ന്ന സ്പിരിറ്റ് എവിടെയൊക്കെയാണ് സംഭരിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് വഴിയാണ് കേരളത്തില്‍ സ്പിരിറ്റെത്തിയത്. ഏത് ബ്രാന്‍ഡ് മദ്യത്തിന്റെയും എസന്‍സും കുപ്പികളും തമിഴ്‌നാട്ടില്‍ ലഭ്യമാണ്.
വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും ലഭിക്കും. ഇവയെല്ലാം നിരവധി ലോഡ് കേരളത്തിലെത്തിച്ചിട്ടുണ്ട്. കേരളത്തിലെത്തിക്കുന്ന സ്പിരിറ്റ് വ്യാജമദ്യനിര്‍മാണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കേരളത്തിലെ പല മേഖലകളിലും വീടുകളിലും അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ കേനന്ദ്രീകരിച്ചും വ്യാജമദ്യനിര്‍മാണം നടന്നുവരുന്നു. സ്പിരിറ്റ് എളുപ്പത്തില്‍ വ്യാജമദ്യമാക്കിമാറ്റാവുന്ന ആധുനിക സാങ്കേതിക വിദ്യയോടെയാണ് ഈ സമാന്തര ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനം. അടുത്തകാലത്ത് ഇത്തരം ചില കേന്ദ്രങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഗന്ധത്തിലും കുപ്പികളിലും വ്യത്യാസം കണ്ടെത്താന്‍ കഴിയാത്തവിധമായിരുന്നു വ്യാജന്റെ നിര്‍മാണം.
ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്ന മദ്യകുപ്പികളില്‍ പതിക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകള്‍ക്ക് സമാനമായിരുന്നു വ്യാജനിലും പതിച്ചിരുന്നത്. ഒര്‍ജിനലും വ്യാജനും തിരിച്ചറിയാന്‍തന്നെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. സാങ്കേതിക വിദ്യയില്‍ വ്യാജന്‍മാര്‍ ഒരു പടിമുന്നിലാണെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. ഷാപ്പുകളില്‍ വില്‍ക്കുന്നത് വ്യാജകള്ളാണെന്നും ബോധ്യമായിട്ടുണ്ട്. സ്പിരിറ്റ് ചേര്‍ത്ത ലായനിയാണ് കള്ളെന്നപേരില്‍ വില്‍ക്കുന്നത് .തെങ്ങുകള്‍ കുറവായതിനാല്‍ തെക്കന്‍ കേരളത്തിലെ ഷാപ്പുകളില്‍ മതിയായ കള്ള് ലഭ്യമല്ല. പാലക്കാട്ടെ ചിറ്റൂരില്‍നിന്നാണ് ഇവിടുത്തെ ഷാപ്പുകളില്‍ കള്ളെത്തിച്ചേരുന്നത് .വേനല്‍കനത്തതോടെ ചിറ്റൂരില്‍ കള്ള് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഇതുമൂലം ഇവിടെനിന്നുള്ള കള്ളിന്റെ വരവ് പരിമിതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ ഷാപ്പുകളില്‍ കള്ളിന് കുറവ് അനുഭവപ്പെടുന്നില്ല. പുലര്‍ച്ചെമുതല്‍ രാത്രിവരെ കള്ള് വില്‍പ്പന നടന്നുവരുന്നു.
സ്പിറ്റ് കലര്‍ത്തിയ വ്യാജകള്ളാണ് വില്‍പ്പന. ഇത്തരം വ്യാജകള്ള് നിര്‍മാണ കേന്ദ്രങ്ങള്‍ തെക്കന്‍ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരഞ്ഞെടുപ്പുകാലം ലക്ഷ്യമിട്ട് ഇവരും സ്പിരിറ്റ് സംഭരണവും വ്യാജകള്ളുനിര്‍മാണവും തുടങ്ങികഴിഞ്ഞു. ഇപ്പോഴുള്ള മദ്യ നിയന്ത്രണത്തോടൊപ്പം തെരഞ്ഞെടുപ്പുകാലത്ത് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് വ്യാജമദ്യലോബികള്‍ക്ക് വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൊഴുപ്പിക്കാന്‍ മദ്യം അനിവാര്യമാണെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. പല സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ബജറ്റില്‍ ഇതിനുള്ള തുകയും ഉള്‍പ്പെടുത്താറുണ്ട്. തെരഞ്ഞെടുപ്പ് നാളുകളില്‍ മദ്യനിയന്ത്രണം കര്‍ശനമാകുമ്പോള്‍ ചോദിക്കുന്ന വിലയ്ക്ക് മദ്യം വാങ്ങാന്‍ പലരും തയാറാകുമെന്ന് മദ്യലോബിക്കറിയാം. ഈ അവസരം മുതലെടുക്കാനാണ് വ്യാജമദ്യത്തിന്റെ നിര്‍മാണവും സംഭരണവും ആരംഭിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് വേളയില്‍ മദ്യത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്ക് തടയാന്‍ കേരളാ തമിഴ്‌നാട് പോലീസുകള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. അതിര്‍ത്തി ജില്ലകളിലെ പോലീസ് മേധാവികള്‍ ഇതിനായി യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പരിശോധന കര്‍ക്കശമാക്കാനാണ് തീരുമാനം. എന്നാല്‍ ഇതിനെയൊക്കെ മറികടക്കുന്ന തരത്തിലാണ് വ്യാജമദ്യലോബികളുടെ പ്രവര്‍ത്തനം.