പിറവം: എതിര്‍പ്പുകളെ വെല്ലുവിളിച്ചു തെരുവുനായകളെ പിടികൂടി കൊന്നതിനു ലഭിച്ച പാരിതോഷികം നായയുടെ ആക്രമണം മൂലം ജീവിതം അനിശ്ചിതത്വത്തിലായ കുടുംബത്തിന് കൈമാറിയ നഗരസഭ കൗണ്‍സിലര്‍ക്ക് അഭിനന്ദന പ്രവാഹം. പിറവം നഗരസഭ കൗണ്‍സിലറായ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പത്തോളം നായ്ക്കളെ പിടികൂടി കൊന്നിരുന്നു. ഇതിന്റെ പേരില്‍ എന്തുകേസുണ്ടായാലും സ്വയം ഏറ്റെടുത്തോളാമെന്നും മനുഷ്യജീവന് മാത്രമാണ് പ്രധാന്യം കല്‍പ്പിക്കുന്നതെന്നും പ്രഖ്യാപിച്ചായിരുന്നു തെരുവ് നായ്ക്കളെ നേരിട്ടത്. നായ്ക്കളെ കൊന്നതിന്റെ പേരില്‍ ജില്‍സിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ് എത്തി ജാമ്യത്തിലിറക്കുകയുമായിരുന്നു. ചെയര്‍മാനും ജില്‍സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതിന് ശേഷം ജില്‍സിന് ടൗണില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 50,000 രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക തനിക്കുവേണ്ടന്നും കൊച്ചിയില്‍ തെരുവുനായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന പിറവം കളമ്പുര്‍ സ്വദേശി ചെല്ലിക്കാട്ടില്‍ ഷൈന്‍മോന്റെ കുടുംബത്തിന് കൈമാറണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇവിടെയെത്തിയിരുന്ന ഷൈന്‍മോന്റെ മക്കളായ സ്ലീബായ്ക്കും, എല്‍ദോയ്ക്കും തുക അപ്പോള്‍ കൈമാറുകയും ചെയ്തു.
അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി ഫോണ്‍ കോളുകള്‍ വിദേശത്തുനിന്നും നാട്ടില്‍ നിന്നും എത്തുന്നുണ്ടെന്ന് ജില്‍സ് പറഞ്ഞു. ജില്‍സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി യുവാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ജില്‍സ് പെരിയപ്പുറത്തെ ജോസ് കെ. മാണി എംപി ഇന്നലെ നടന്ന ഒരു ചടങ്ങില്‍ ഹാരമണിയിച്ച് അനുമോദിച്ചിരുന്നു. അതേസമയം ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഷൈന്‍മോന്റെ അവസ്ഥ ഏറെ പരിതാപകരമാണ്.
കഴിഞ്ഞ മാസം 28ന് എറണാകുളം അയ്യപ്പന്‍കാവിലിന് സമീപത്തുവെച്ചാണ് ഷൈന്‍മോന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തെരുവ് നായ്ക്കിട്ട് ഇടിച്ച് മറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഒരു വൃക്ക നീക്കം ചെയ്യുകയും അടുത്തത് ഭാഗീകമായി തകരാറിലാകുകയും ചെയ്തു. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നാഴ്ചയിലധികമായി വെന്റിലേറ്ററില്‍ കഴിയുന്ന ഷൈന്‍മോനിപ്പോള്‍ മഞ്ഞപ്പിത്തവും ബാധിച്ചിരിക്കുകയാണ്. ഷൈന്‍മോന്റെ ചികിത്സാചിലവിനായി സഹായനിധി രൂപീകരിച്ചെങ്കിലും കാര്യമായൊന്നും ലഭിച്ചിട്ടില്ല. ആശുപത്രിയിലെ ദൈനംദിന ചികിത്സ ചിലവുകള്‍ക്കായി കുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്.