തെരുവുനായ് നിയന്ത്രണത്തിന് ജില്ലാതലത്തില്‍ പദ്ധതി നടപ്പാക്കുന്നു

tvm-dogകൊല്ലം :ജില്ലയില്‍ തെരുവുനായ നിയന്ത്രണത്തിന് ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത പദ്ധതി വരുന്നു. തെരുവുനായ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം സാധ്യമാകുന്ന തരത്തില്‍ നായ്ക്കളുടെ വന്ധ്യംകരണം, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കുള്ള ബോധവത്ക്കരണവും പദ്ധതിയുടെ ഭാഗമാക്കും. 2001 ലെ എ ബി സി ആക്ട്, സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും പദ്ധതി തയാറാക്കുക.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കളക്ടര്‍ മിത്ര ടി എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദേ്യാഗസ്ഥര്‍ എന്നിവരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.തെരുവുനായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സ് ഉടമകളെക്കൊണ്ട് എടുപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര പ്രാധാന്യം നല്‍കണം. വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

പരിശീലനം ലഭിച്ച നായ പിടിത്തക്കാരുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയ്ക്ക് വിധേയമാകുന്ന നായ്ക്കളുടെ പരിപാലനത്തിനും നിരീക്ഷണത്തിനുമുള്ള സങ്കേതങ്ങള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒരുക്കുന്നതിന് ഗ്രാമവികസന വകുപ്പ് നടപടികള്‍ സ്വീകരിക്കും.

തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ വര്‍ദ്ധനയ്ക്ക് കാരണമാകുന്നതരത്തില്‍ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നതടക്കമുള്ള വിഷയങ്ങളില്‍ ബോധവത്ക്കരണ പരിപാടികളുടെ സംഘാടനം വ്യാപകമാക്കും. തെരുവുനായ നിയന്ത്രണത്തോടൊപ്പം മാലിന്യ സംസ്കരണം, ഒ ഡി എഫ് പദ്ധതി എന്നിവ കാര്യക്ഷമമായി തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു.

Related posts