തെരുവുനായ പ്രശ്‌നം: കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം;പട്ടിയെകൊന്ന് കെട്ടിത്തൂക്കിയവര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്നും കോടതി

DOG ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തെരുവുനായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി വിശദീകരണം തേടി.

തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രതിഷേധിച്ചതിന്റെ ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേരളം തെരുവുനായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് ചിത്രങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

പേപ്പട്ടിയേക്കാള്‍ മനുഷ്യ ജീവനു തന്നെയാണ് വില നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല. തെരുവുനായ ശല്യം തടയുന്നതിനായി മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Related posts