തെരുവുനായ ശല്യം : കുരുന്നുകള്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

alp-dogpraytheshaydamഎടത്വ: തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയ കുരുന്നുകള്‍ വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. എടത്വ സെന്റ് മേരീസ് എല്‍പി സ്കൂളിലെ കുട്ടികളാണ് കരിദിനമായി ആചരിച്ച് വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ അധികൃതര്‍ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുരുന്നുകളുടെ നേതൃത്വത്തില്‍ ഇത്തരമൊരു സമരപരിപാടിയുമായി പിടിഎ രംഗത്തിറങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് റ്റെസി ജോസ്, സെക്രട്ടറി റ്റി. ഉല്ലാസ്കുമാര്‍ എന്നിവരോട് കുട്ടികള്‍ പരാതികള്‍ പറഞ്ഞു. സ്കൂള്‍ ലീഡര്‍മാരായ അല്‍വിന്‍, അന്നമ്മ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.

തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ്, വിവിധ സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതിഷേധക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി. ഹെഡ്മിസ്ട്രസ് ബീന തോമസ് കളങ്ങര, പിടിഎ പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര, എംപിറ്റിഎ പ്രസിഡന്റ് കെ.എല്‍. ബിന്ദു, അധ്യാപകരായ ജെസി, ജിസ്, നിഷ, സിജി, അരുണ്‍, ജിജോ, അമ്പിളി, സോണ്‍സി, അഞ്ജലി, വിനീത, പ്രീമി എന്നിവര്‍ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related posts