തേവര-പേരണ്ടൂര്‍ കനാലിന്റെ സര്‍വേ പുരോഗതി വിലയിരുത്തി

EKM-KANALകൊച്ചി: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സിവില്‍, എണ്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ സഹായത്തോടെ നടപ്പാക്കുന്ന തേവര-പേരണ്ടൂര്‍ കനാല്‍ സര്‍വേയുടെ പുരോഗതി വിലയിരുത്തുന്നതിന് മേയര്‍ സൗമിനി ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍വേ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

10.5 കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍ ഒരു കാലത്ത് കൊച്ചിയുടെ വാണിജ്യ ധമനിയായിരുന്നു. കെട്ടുവള്ളങ്ങളിലൂടെ നിരന്തരം ചരക്കു ഗതാഗതം ഇവിടെയുണ്ടായിരുന്നു. എന്നാലിന്ന് ഇത് മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപയോഗിച്ചു വരികയാണ്. അതിനാല്‍ കനാലിലൂടെ മഴവെള്ളം കായലില്‍ എത്തുന്നില്ല. ഇത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. കറുത്ത് കെട്ടിക്കിടക്കുന്ന മാലിന്യം രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. വേലിയേറ്റം വേലിയിറക്ക സ്വാധീനം ഫലവത്താകാത്തതുകൊണ്ട് പ്രകൃതിദത്ത ശുചീകരണം നടക്കുന്നില്ല. കൊച്ചിയിലെ അധികമുള്ള മഴവെള്ളം കായലിലേക്ക് പുറം തള്ളുന്ന പരമപ്രധാനമായ ധര്‍മം നിറവേറ്റാന്‍ മാലിന്യം മൂലം കനാലിലൂടെ സാധിക്കുന്നില്ല.

ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭിക്കുന്ന തേവര-പേരണ്ടൂര്‍ കനാലിന്റെ സര്‍വേ മാപ്പ് ഈ കനാലിന്റെ പുനരുജ്ജീവനത്തിനുള്ള അടിസ്ഥാന രേഖയയാവുമെന്ന് മേയര്‍ ചൂണ്ടിക്കാട്ടി.സര്‍വേയുടെ രണ്ടാം ഘട്ടം ഇന്നലെ പനമ്പിള്ളി നഗര്‍-പാസ്‌പോര്‍ട്ട് ഓഫീസിന്ëസമീപം ആരംഭിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ. മിനിമോള്‍, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, ടാക്‌സ് അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി. കൃഷ്ണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി അമിത് മീണ, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനിയര്‍ ബാബുരാജ്, മറ്റ് ഉദ്യോഗസ്ഥരും മേയറോടൊപ്പമുണ്ടായിരുന്നു.

Related posts