മുട്ടം: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് പത്ത് വർഷം കഠിനതടവ്. ഇടുക്കി തടിയന്പാട് പുതുനാക്കുന്നേൽ സതീഷ്കുമാറിനെയാണ് ( 36) പത്തുവർഷം തടവും അൻപതിനായിരം രൂപ പിഴയും മുട്ടം മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം അധിക തടവ് അനുഭവിക്കണം.
അയൽവാസിയായ ഇരട്ടപ്ലാക്കൽ അനീഷ് ഉലഹന്നാനെയാണ് പ്രതി ആക്രമിച്ചത്. 2021 ഏപ്രിൽ നാലിനായിരുന്നു സംഭവം. അനീഷിന്റെ നായ പുരയിടത്തിൽ കയറിയതിലുള്ള വൈരാഗ്യം മൂലമായിരുന്നു ആക്രമണം.
വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് അനീഷിന്റെ തലയിലും ഇരു കാലുകൾക്കും പരിക്കേറ്റിരുന്നു. ഇടത്തേ ചെവി മുറിഞ്ഞ് അറ്റുപോകുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ ജോണി അലക്സ് ഹാജരായി.

