മുണ്ടക്കയം: തോമസ് ജോജോ ഹീറോയായി, പ്രവേശനോത്സവം ജോറായി. എല്ലാ സ്കൂളിലും പ്രവേശനോത്സവം സജീവമായപ്പോഴും കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം സെന്റ് ജോര്‍ജ് ഹൈസ്കൂളിലും ആഘോഷത്തിനു കുറവൊന്നും വരുത്തിയില്ല. ഒന്നാം ക്ലാസ് പ്രവേശത്തിനായി ആകെയെത്തിയ തോമസ് ജോജോ എന്ന തോമാച്ചനെ ഹെഡ്മാസ്റ്റര് മാത്തച്ചന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു സ്വീകരിച്ചു. മുക്കുളം മൂഴിപ്ലാക്കല്‍ ജോജോയുടെ മകനാണ് തോമസ് ജോജോ.
ഒരുകാലത്ത് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന മുക്കുളം സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ ഇന്നു വെറും 65പേര് മാത്രം. ആവശ്യത്തിനു കെട്ടിടവും മറ്റെല്ലാ സൗകര്യവുമുണ്ടങ്കിലും കുട്ടികളുടെ കുറവു സ്കൂളിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്. കുട്ടികളുടെ കുറവുണ്ടായിരുന്നെങ്കിലും വിജയശതമാനം ഉയര്‍ന്നതല്ലാതെ പിന്നോക്കം പോയിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷമായി എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയമാണിവിടെ ലഭിക്കുന്നത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഈ അംഗീകാരം കിട്ടുന്ന ഏക സ്കൂളും മുക്കുളം സെന്റ് ജോര്‍ജ് തന്നെ.
ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷവും ഒരാള്‍ മാത്രമായിരുന്നു എത്തിയത്. ഇപ്പോള്‍ ഒന്നിലും രണ്ടിലും കുട്ടികളുടെ എണ്ണം ഒന്നു തന്നെ. മലയോര കുടിയേറ്റ കര്‍ഷക ഗ്രാമമായ ഇവിടെ ആളുകള്‍ താമസം മാറി പോയതും ജനന നിരക്കു കുറഞ്ഞതുമെല്ലാം വിദ്യാര്‍ഥികളുടെ എണ്ണം കുറയാന്‍ ഇടയാക്കിയതായി ഹെഡ്മാസ്റ്റര് മാത്തച്ചന് പറയുന്നു. പഠനം പോലെ ഇവിടെ ഉച്ചഭക്ഷണവും വിഭവ സമൃദ്ധം. സര്‍ക്കാര്‍ നല്കുന്ന പണം കൂടാതെ അധ്യാപകരും അനധ്യാപകരും ചേര്‍ന്നു കുട്ടികള്‍ക്കു നല്ല ഭക്ഷണം നല്കുന്നു. മാസത്തില്‍ രണ്ടുതവണ ഇറച്ചിയും മീനുമെല്ലാം ചോറിനൊപ്പം നല്‍കും. പരിപ്പും സാമ്പാറും മുട്ടയും അച്ചാറും തോരനും പപ്പടവുമെല്ലാം ഉച്ച ഭക്ഷണത്തിനു കുട്ടികള്‍ക്കു ലഭിക്കുന്നു.
നൂറുമേനി നേടിയ സ്കൂളിലേക്കു വാഹന സൗകര്യമില്ല. ഇതാണ് പ്രധാന പ്രശ്നം. മുക്കുളം ഭാഗത്തുളള കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ഇളംകാട്, ഏന്തയാര്‍, വടക്കേമല, താഴത്തങ്ങാടി എന്നിവിടങ്ങളില്‍ നിന്നെല്ലാം പഠിക്കാന്‍ വരാന്‍ ആഗ്രഹമുളളവര്‍ നിരവധിയുണ്ട്. എന്നാല്‍ കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി കുന്നിന്മുകളിലെ സ്കൂളിലെത്താന്‍ ആരും തയാറാവുന്നില്ല. മുമ്പ് ഇവിടെ നിന്നു മുണ്ടക്കയത്തേക്കു സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിയ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികളോടെല്ലാം നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇപ്പോള്‍ അധികൃതര്‍ താത്കാലികമായി സ്വകാര്യ ജീപ്പ് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ എത്രകാലത്തേക്കെന്നു പറയാന്‍ സ്കൂള്‍ അധികൃതര്‍ക്കുപോലും കഴിയില്ല. യാത്രാ സൗകര്യമൊരുക്കിയാല്‍ ഒരു പരിധിവരെ പ്രതിസന്ധിക്കു മാറ്റമുണ്ടാക്കി സ്കൂളിനെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നു കരകയറ്റാനാവും. അതിനായി കാത്തിരിക്കുകയാണ് അധികാരികളുടെ കനിവിനായി.