പയ്യോളി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ സംയുക്തവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പയ്യോളിയില്‍ പൂര്‍ണം. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. റോഡില്‍ ആള്‍ത്തിരക്കും കുറവാണ്. അതേസമയം, വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. പയ്യോളി, തുറയൂര്‍ മേഖലകളില്‍ ഏതാനും സ്ഥാപനങ്ങള്‍ ഇന്നു രാവിലെ തുറന്നിരുന്നെങ്കിലും പ്രവര്‍ത്തകരെത്തി ബലമായി അടപ്പിച്ചു. പയ്യോളിയില്‍ ഇതേച്ചൊല്ലി വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ തര്‍ക്കവുമുണ്ടായി.
കെപിഎംഎസ് പ്രവര്‍ത്തകരായ ചിലര്‍ കടകള്‍ അടപ്പിക്കാനെത്തിയതിനെ വ്യാപാരികള്‍ എതിര്‍ക്കുകയായിരുന്നു. പ്രധാന വ്യാപാരകേന്ദ്രമായ വടകരയിലും മറ്റു പലയിടത്തും കടകള്‍ തുറന്നിട്ടുണ്ടെന്നും പയ്യോളിയില്‍ മാത്രം കടകള്‍ അടിച്ചിടാന്‍ കഴിയില്ലെന്നുമാണ് വ്യാപാരികള്‍ നിലപാടെടുത്തത്. വാക്തര്‍ക്കം രൂക്ഷമായതോടെ പോലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഇന്നലെ രാത്രി തന്നെ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് പ്രവര്‍ത്തകര്‍ കടകളിലെത്തി ആവശ്യപ്പെട്ടിരുന്നു. ജിഷക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പയ്യോളിയിലും പരിസരത്തും വ്യാപകമായി പതിച്ചിട്ടുണ്ട്.