ദീപിക കുമാരി ലോകറിക്കാര്‍ഡിനൊപ്പം

sp-deepikakumariഷാംഗ്ഹായി: ഇന്ത്യയുടെ അമ്പെയ്ത്ത് താരം ദീപിക കുമാരിക്ക് ലോക റിക്കാര്‍ഡ്. ഷാംഗ്ഹായില്‍ നടക്കുന്ന ലോക അമ്പെയ്ത്ത് മത്സരത്തിലാണ് ദീപക കുമാരി ലോകറിക്കാര്‍ഡിന് ഒപ്പമെത്തിയത്. വനിതകളുടെ റീകര്‍വ് വിഭാഗത്തില്‍ 686 പോയിന്റ് സ്വന്തം പേരില്‍ കുറിച്ചാണ് ദീപിക മികച്ച നേട്ടം കൈവരിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേട്ടത്തിനുടമയായ കൊറിയയുടെ കിബോയെയുടെ റിക്കാര്‍ഡിനൊപ്പമാണ് ദീപികയെത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ടു സ്വര്‍ണമെഡലുകള്‍ നേടിയ താരമായിരുന്നു കിബോയെ. ഒരു ഘട്ടത്തില്‍ ലോകറിക്കാര്‍ഡ് മറികടക്കുമെന്നു തോന്നിപ്പിച്ചെങ്കിലും അവസാന ശ്രമങ്ങളില്‍ 10 ല്‍ ഒമ്പതു പോയിന്റ് നേടാനെ ദീപികയ്ക്കായുള്ളൂ.

മുന്‍ ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിസില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള താരവുമാണ് ദീപിക. അമ്പെയ്ത്തിലെ ലോക റാങ്കിംഗില്‍ നിലവില്‍ രണ്ടാം റാങ്കുകാരിയായ ദീപിക കുമാരി 1994 ജൂണ്‍ 13ന് റാഞ്ചിയിലാണ് ജനിച്ചത്.

അര്‍ജുന്‍ ആര്‍ച്ചറി അക്കാദമിയിലയിരുന്നു ആദ്യ പരിശീലനം. പിന്നീട്, ജാംഷദ്പുരിലെ ടാറ്റ ആര്‍ച്ചറി അക്കാദമിയിലും പരിശീലനം നേടി. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഫിറ്റ വേള്‍ഡ് കപ്പിന്റെ ഫൈനല്‍ റൗണ്ടിലും ദീപിക വെള്ളി മെഡല്‍ നേടിയിരുന്നു. മിക്‌സഡ് പെയര്‍ വിഭാഗത്തില്‍ അതനു ദാസിനൊപ്പം തുര്‍ക്കിയെ പരാജയപ്പെടുത്തുന്നതിലും (സ്‌കോര്‍: 53) ദീപിക പ്രധാന പങ്കുവഹിച്ചു.

Related posts