ദുരൂഹതയുടെ ചുരളഴിയാന്‍ ഇനിയും ബാക്കി! ജിഷ കൊലക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് വീണ്ടും കോടതിയിലേക്ക്

jishaആലുവ: ദുരൂഹതയുടെ ചുരളഴിയാത്ത പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് വീണ്ടും കോടതിയെ സമീപിക്കുന്നു. കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത ആടിനെ പീഡിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാനായിരിക്കും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക. ഇതു സംബന്ധിച്ച് ഈ ആഴ്ച തന്നെ കുറുപ്പംപടി കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

ഇരിങ്ങോളിലുള്ള പോലീസ് ഡ്രൈവറുടെ ആടിനെ പീഡീപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇതുപ്രകാരം ജിഷ കൊലക്കേസില്‍ പിടിയിലായ പ്രതിക്കെതിരെ മൃഗപീഡനത്തിനും പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനായിട്ടാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യല്‍ ജിഷവധവുമായി ബന്ധപ്പെട്ടായിരിക്കും. പ്രതിയെ നേരത്തെ പത്തുദിവസം കസ്റ്റഡിയില്‍ കിട്ടിയിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, മൃഗപീഡനം സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ജയിലില്‍ സന്ദര്‍ശിച്ച തന്റെ അഭിഭാഷകനോട് പ്രതി പറഞ്ഞത്.

ജിഷവധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് ശക്തമായ തെളിവുകളാകേണ്ട പലതും കണ്ടെത്താന്‍ ഇനിയും പോലീസിനായിട്ടില്ല. കൃത്യം നടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രമാണ് ഇതില്‍ പ്രധാന തെളിവുകളിലൊന്ന്. വസ്ത്രത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ പ്രതി ഒടുവില്‍ ആസമിലേക്കുള്ള തീവണ്ടി യാത്രാമധ്യേ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചുവെന്നാണ് പറഞ്ഞത്. വസ്ത്രത്തില്‍ പറ്റിപ്പിടിച്ച രക്തസാമ്പിളുകളുടെ പരിശോധനഫലം കേസില്‍ ഏറെ പ്രയോജനപ്പെടും.

സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ പ്രതിയുടെ രണ്ടു സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. അനാറുല്‍ ഇസ്ലാം, ഹര്‍ഷാദ് എന്നീ ആസമികളെ അന്വേഷിച്ചുപോയ പ്രത്യേക അന്വേഷണ സംഘം വെറുംകൈയോടെയാണ് തിരിച്ചെത്തിയത്. ആസമിലെ ജജേരി പോലീസ് സ്‌റ്റേഷനില്‍ ഇവരില്‍ ഒരാളായ അനാറിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയ്ക്കുകയായിരുന്നു. സുഹൃത്തുക്കളുടെ മൊഴികള്‍ പ്രതിക്കെതിരെയുള്ള നിര്‍ണായക തെളിവാകും.

കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ജിഷ വധക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. എന്നാല്‍, മൃഗപീഡനകേസില്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. പ്രതിയിപ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. അംഗബലം കുറച്ച കേസിന്റെ പ്രത്യേക അന്വേഷണ സംഘം ഇപ്പോഴും തെളിവുകള്‍ തേടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Related posts