കൊച്ചി: തോപ്പുംപടി ബിഒടി പാലത്തിനുസമീപം അംബേദ്കര്‍ റോഡില്‍ ടെമ്പോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനത്തിനടിയില്‍ ദുരൂഹസാഹചര്യത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്തനാപുരം സ്വദേശിയായ അജിത്തിന്റെ ഭാര്യ സന്ധ്യ(36)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചേര്‍ത്തല റിലയന്‍സ് വെബ് വേള്‍ഡിലെ ജീവനക്കാരിയാണ്.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് 8.45 ഓടെ തോപ്പുംപടിയിലെത്തിയ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. സന്ധ്യയുടെ കയ്യിലുണ്ടായിരുന്നു രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കാണാതായിട്ടുണ്ട്. തോപ്പുംപടി പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രണ്ടു മക്കളുണ്ട്.