ചങ്ങനാശേരി: ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയകേസില്‍ റിമാന്‍ഡിലായ പ്രതിയെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പാലക്കാട് ശ്രീകണ്ഠാപുരം ഈശ്വരമംഗലം രാധാഭവനില്‍ രാധാകൃഷ്ണന് (60)നെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ പലരില്‍നിന്നായി അരക്കോടിയോളം രൂപ ജോലിതട്ടിപ്പുകേസില് ശേഖരിച്ചതായാണു ചോദ്യംചെയ്യലില്‍ പോലീസിനു വ്യക്തമാകുന്നത്.
എസ്ഐ സുധീഷ്കുമാര്‍, അഡീഷണല്‍ എസ്ഐ പുഷ്പന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നത്. തൃക്കൊടിത്താനം സ്വദേശിയായ ആള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ഇരുപതോളം വര്‍ഷമായി രാധാകൃഷ്ണന് ദേവസ്വംബോര്‍ഡിലെ താത്കാലിക വാച്ചറാണ്. ദേവസ്വംബോര്‍ഡിന്റെ വിവിധ വകുപ്പുകളില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞാണ് ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരില്നിന്നും പണം തട്ടിയെടുത്തത്.
ചെത്തിപ്പുഴ സ്വദേശിയായ ആള് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി എ. അജിത്ത്, സിഐ ബിനു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ കഴിഞ്ഞ 21-നാണ് അറസ്റ്റുചെയ്തത്. ഇയാളെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും.