ദേശീയപാതയുടെ തകര്‍ച്ച നിലവാരമില്ലാത്ത ടാറിംഗ് മൂലമെന്ന്

tcr-taringആലപ്പുഴ: അരൂര്‍ മുതല്‍ ചേര്‍ത്തല വരെ ആലപ്പുഴയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് റോഡ് നിര്‍മാണത്തിനെതിരെ വ്യാപക ആക്ഷേപങ്ങള്‍. ഗുണനിലവാരമില്ലാത്ത നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചതാണ് ഇത്തരത്തില്‍ ദേശീയപാത തകരാന്‍ കാരണമെന്നും സമാനമായ സമയത്തുതന്നെ ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്കുള്ള ഭാഗം ടാറിംഗ് നടത്തിയതു തകരാത്തതാണ് ആക്ഷേപത്തിനു അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. ദേശീയപാത പുനര്‍നിര്‍മിക്കുമ്പോള്‍ കരാറെടുക്കുന്നയാള്‍ മൂന്നു വര്‍ഷം റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന വ്യവസ്തയുണ്ട്.

റോഡു തകര്‍ന്നുതുടങ്ങിയപ്പോള്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കുന്നതിനായി നടത്തിയ അറ്റകുറ്റപ്പണികളില്‍ ഗുണനിലവാരമില്ലാത്ത നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചതാണു തകരാന്‍ കാരണമെന്നതാണു ആക്ഷേപം. ബേബി മെറ്റലും ടാറും ഉപയോഗിച്ച് നടത്തേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ടാറും ക്രഷ് മെറ്റല്‍ പൊടിയും ഉപയോഗിച്ചതാണ് പ്രശ്‌നത്തിനു കാരണം. ടാറിംഗ് പാളികളായി ഇളകിപ്പോയ സ്ഥലങ്ങളിലെ ചെറിയ കുഴികളില്‍ മാത്രം ബേബി മെറ്റലും ടാറും ഉപയോഗിച്ചു അടയ്ക്കുകയും ബാക്കിയുള്ള സ്ഥലങ്ങളില്‍ ക്രഷ് മെറ്റല്‍ പൊടിയും ടാറും ഉപയോഗിച്ച് ഫില്‍ ചെയ്യുകയുമായിരുന്നു.

പുറമെ നോക്കുമ്പോള്‍ ടാറിംഗ് ഭംഗിയായതായി തോന്നുമെങ്കിലും മഴ കനത്തതോടെ മെറ്റല്‍ പൊടി ഇളകുകയായിരുന്നു. നിലവില്‍ ദേശീയപാതയുടെ പല ഭാഗങ്ങളിലും മെറ്റല്‍ പൊടി പാളികളായി അടര്‍ന്നിരിക്കുന്ന കാഴ്ചയാണുള്ളത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെറ്റല്‍പൊടി പറക്കുന്നതൂമൂലം പലപ്പോഴും മൂടല്‍ മഞ്ഞ് രൂപപ്പെട്ട അവസ്ഥയിലാണ് ദേശീയപാത. ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. മെറ്റല്‍പൊടി ശ്വസിക്കുന്നതു ശ്വാസകോശ രോഗങ്ങള്‍ക്കടക്കം കാരണമാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്.

ഇതോടൊപ്പം ഇതു കണ്ണില്‍ പോകുന്നത് അപകടങ്ങള്‍ക്കുമിടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെക്കുറിച്ചു അന്വേഷിക്കണമെന്ന മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റോഡ് കുഴിച്ചും അല്ലാതെയും സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്കു അയച്ചിട്ടുണ്ട്. അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയ പാത പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണവും നേരത്തെ നടത്തിയിരുന്നു.

Related posts