ദേശീയപാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധമുയരുന്നു

klm-wasteകൊല്ലം: കൊല്ലംമുതല്‍ ഓച്ചിറവരെയുള്ള ദേശീയപാതയോരങ്ങളില്‍ വന്‍തോതിലാണ് മാലിന്യം തള്ളുന്നത്. കവറുകളിലും ചാക്കുകളിലും നിറച്ചാണ് മാലിന്യം തള്ളുന്നത്. റോഡിലെ കാടുമൂടികിടക്കുന്ന ഭാഗങ്ങളിലായിരുന്നു നേരത്തെ മാലിന്യം തള്ളിയിരുന്നത്. ഇപ്പോള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലേക്കുപോലും മാലിന്യം വലിച്ചെറിയുകയാണ്. ഇറച്ചികടകളിലെ മാലിന്യമാണ് കൂടുതലായി തള്ളുന്നത്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ചീഞ്ഞളിഞ്ഞ് പ്രദേശം ദുര്‍ഗന്ധപൂരിതമാകുകയാണ്.

കെഎംഎംഎല്‍ കമ്പനിയുടെ ഭാഗത്തും നീണ്ടകര പാലത്തിന് സമീപം, ചവറ പാലത്തിന് സമീപത്തുമാണ് വന്‍തോ തില്‍ മാലിന്യം തള്ളുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുള്ള ബോര്‍ഡ് ചില സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നടപടിയില്ലാത്തതിനാല്‍ വന്‍തോതിലാണ് ഇവിടെയും മാലിന്യം തള്ളിയിട്ടുള്ളത്. വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പോലും ദേശീയപാതയുടെ വശങ്ങളിലെ ദുര്‍ഗന്ധം അസഹനീയമാണ്. ഈ സ്ഥിതിക്ക് കാല്‍നട യാത്രികരുടെ ബുദ്ധിമുട്ട് ഊഹിക്കാവുന്നതെയുള്ളു.

കോഴിയിറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ വര്‍ധിച്ചതോടെയാണ് ദേശീയപാതയോരങ്ങളില്‍ വന്‍തോതില്‍ മാലിന്യം തള്ളാന്‍ തുടങ്ങിയതെന്നാണ് പ്രദേശവാസികളുടെ പരാതി. മുന്‍കാലങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തി കായലിലേക്കും കടലിലേക്കും തള്ളാനായി കൊണ്ടുവന്നിരുന്ന മാലിന്യവാഹനം പിടികൂടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക സ്റ്റേഷനുകളും രാത്രിയില്‍ പട്രോളിംഗ് നടത്താറില്ല. ഈ അവസരം മാലിന്യം തള്ളുന്നവര്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. മഴപെയ്ത് തുടങ്ങിയതോടെ അഴുകുന്ന മാലിന്യങ്ങളില്‍നിന്ന് ദുര്‍ഗന്ധവുമേറുന്നു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.

Related posts