ചവറ: ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി കെട്ടാതെ ഖനനം നടത്തുന്നത് ചവറ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതായി ആരോപണം.മുക്കുത്തോട് സ്കൂളിന് തെക്ക് ഭാഗം മുതല്‍ പളളിയാടി ക്ഷേത്രത്തിന് തെക്ക് ഭാഗത്തെ പഴയ വിളക്ക് മരം വരെയുളള കായല്‍ തീരത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്കാണ് അപകട ഭീഷണി നിലനില്‍ക്കുന്നത്. ഇവരുടെ വീടും വസ്തുവും ഓരോ ദിവസം കഴിയുന്തോറും വെളളം കയറി ഇടിഞ്ഞ് പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്.
നാല് മീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ വീതിയിലാണ് പല ഭാഗത്തും കര ഇടിഞ്ഞ് കായല്‍ കയറിയിരിക്കുന്നത്. പല വീടുകളിലെയും വന്‍ വൃക്ഷങ്ങള്‍ പോലും സംരക്ഷണ ഭിത്തി കെട്ടാതെയുളള ഖനനം കാരണം വീടുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും നാട്ടുകാര്‍ ഭീതിയോടെയാണ് കാണുന്നത്.ജലപാതയ്ക്ക് കിഴക്ക് ഭാഗത്തുളള വീടുകളാണ് ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയില്‍ നില്‍ക്കുന്നത്. വികസനത്തിനു വേണ്ടി ഒന്നാംഘട്ട ജലപാതയുടെ ഖനനം കഴിഞ്ഞപ്പോള്‍ മീറ്ററുകളോളം അകലത്തായിരുന്ന കായല്‍ ഇപ്പോ ള്‍ വീടുകളം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇത് വക വയ്ക്കാതെയാണ് രണ്ടാം ഘട്ട ഖനനവുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ പോകുന്നത്. സമീപത്തെ കുട്ടികള്‍ സംരക്ഷണ ഭിത്തി ഇല്ലാത്ത ആഴത്തിലുളള ഭാഗത്തേക്ക് പോകുന്നതും രക്ഷകര്‍ത്താക്കള്‍ ഭീതിയോടെയാണ് കാണുന്നത്. സമീപത്തെ ക്ഷേത്രത്തിന്റെ ആല്‍ത്തറ, വഞ്ചി എന്നിവ ഇതിനോടകം കായല്‍ കവര്‍ന്നു കഴിഞ്ഞു. മിക്ക വീട്ടുകാരുടെയും ഏഴ് സെന്റ് വസ്തുവരെ കായല്‍ കയറിയിരിക്കുകയാണ്.
തങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ സംരക്ഷണ ഭിത്തി കെട്ടാതെ ഖനനം നടത്തരുതെന്നാവശ്യപ്പെട്ട് ഈ പ്രദേശത്തെ നാട്ടുകാര്‍ ജലപാത വികസനം നടത്തുന്ന ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍, എംപി, എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നത്. ജീവനും സ്വത്തിനും സംരക്ഷണം കിട്ടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ദേശീയ ജലപാത വികസനത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരുടെ തീരുമാനം.