കളമശേരി: ഏലൂരില്‍ നടക്കുന്ന ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ ചൊല്ലി ആദ്യ ദിനത്തില്‍ തര്‍ക്കം. ഇതിനെ തുടര്‍ന്ന് കേരളത്തിന്‍െറ മത്സരം വൈകും. ഇന്ന് രാവിലെ 8 മണി മുതല്‍ ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ ആരംഭിക്കാനിരുന്ന മത്സരമാണ് തര്‍ക്കം കാരണം വൈകിയത്. സൈക്കിള്‍ പോളോ ഫെഡറേഷനുമായി അഫിലിയേഷന് ഇ ല്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ അനുമതി ലഭിച്ചില്ല.
സൈക്കിള്‍ പോളോ അസോസിയേഷന് എന്ന് പേരുള്ള ടീമിനെയാണ് സംഘാടകര്‍ ഒഴിവാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് കോടതി ഓര്‍ഡര്‍ ഉണ്ടെന്നും നാഗ്പൂര്‍ കേരളത്തിന് വേണ്ടി മത്സരിച്ചതാണെന്നും ഇവര്‍ പറയുന്നു. പുതിയ കോര്‍ട്ട് ഓര്‍ഡര്‍ നല്‍കുമെന്നാണ് സംഘടന പറയുന്നത്. സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയാണ് ഇന്ന് കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്നത്.
എയര്‍ ഫോഴ്സും ബീഹാറും തമ്മില്‍ ആദ്യ സീനിയര്‍ വിഭാഗ മത്സരം ആരംഭിച്ചു. 39മത് സീനിയര്‍, 37മത് ജൂനിയര്‍, 33മത് സബ് ജൂനിയര്‍ മത്സരങ്ങളാണ് ഏലൂര്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്ര വകുപ്പുകളില്‍ നിന്നുമായി മത്സരാര്‍ത്ഥികള്‍ ഉണ്ടാകും. മത്സരങ്ങള്‍ ഒക്ടോബര്‍ 2 വരെ നീണ്ടു നില്ക്കും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് മത്സരങ്ങള്‍ .