മാരാമണ്‍: മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം 99-ാം വയസിലേക്ക്. കേരളത്തിലെ ക്രൈസ്തവ സഭാ പിതാക്കന്‍മാരില്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രായംകൊണ്ടു മുന്നില്‍ നില്‍ക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവിതം ഇന്നും അനേകര്‍ക്ക് പ്രോത്സാഹനം പകരുന്നു. 99 -ാം വയസിലും കര്‍മനിരതമായ ജീവിതം, സാമൂഹ്യ പ്രതിബദ്ധതയോടെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചിരിക്കുന്നു.
ശാരീരികക്ഷീണമുണെ്ടങ്കിലും വലിയ മെത്രാപ്പോലീത്തയുടെ പൊതുപരിപാടികള്‍ക്ക് കുറവുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഡയറിയില്‍ എപ്പോഴും പരിപാടികളുടെ തിരക്കാണ്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സമൂഹം ഇന്നും കാത്തിരിക്കുന്നു.
സഭയുടെ ആഭിമുഖ്യത്തില്‍ വലിയ മെത്രാപ്പോലീത്തയുടെ 99-ാം ജന്മദിനാഘോഷം ഇന്നു തിരുവല്ലയില്‍ നടക്കും. രാവിലെ എട്ടിന് സെന്റ് തോമസ് മാര്‍ത്തോമ്മാ വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് അദ്ദേഹം മുഖ്യകാര്‍മികനാകും. 11നു നടക്കുന്ന അനുമോദന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
കടന്നുവന്ന ജീവിതവഴിയെക്കുറിച്ച് വലിയ മെത്രാപ്പോലീത്ത ഇന്നലെ ദീപികയോട് അനുസ്മരിച്ചു. മാരാമണ്ണിലെ ബിഷ്പ്‌സ് ഹൗസില്‍ ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
? 99 വര്‍ഷത്തെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു
തന്റെ ജീവിതം ഒരു വിജയമായിരുന്നെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ ദൈവത്തിന്റെ പക്കല്‍ നിന്ന് ലഭിച്ച സ്‌നേഹവും കരുണയും ചുറ്റുപാടുമുള്ള മനുഷ്യര്‍ക്കു നല്‍കാന്‍ തനിക്കു കഴിഞ്ഞതില്‍ കൃതാര്‍ഥതയുണ്ട്. 99 വര്‍ഷം ഈ ലോകത്തില്‍ ജീവിക്കാന്‍ ദൈവം അവസരം തന്നതുതന്നെ വലിയ ഒരു അനുഗ്രഹമാണ്. അനേകായിരങ്ങളെ ബന്ധപ്പെടാനും സ്‌നേഹം സ്വീകരിപ്പാനും കഴിഞ്ഞു. സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും തനിക്കു ലഭിച്ച പിന്തുണയും സ്‌നേഹവും വിലപ്പെട്ടതാണ്. മാധ്യമങ്ങളും താന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരവും ബഹുമാനവും നല്‍കി. തന്നില്‍ ഇല്ലാത്ത പല ഗുണഗണങ്ങളും തനിക്കുണെ്ടന്ന് മാധ്യമങ്ങളാണ് എന്നെ ഓര്‍മപ്പെടുത്തിയത്. പൊതുസമൂഹത്തില്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്ക് ഉണ്ട്.
?സമൂഹത്തോടുള്ള സന്ദേശം
മറ്റുള്ളവരെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുകയെന്നതാണ് പ്രധാന സന്ദേശം. സമൂഹത്തില്‍ നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണം. മാധ്യമങ്ങളായാലും ഇതുതന്നെ വേണം. ഇക്കാര്യത്തില്‍ ദീപിക കാട്ടുന്ന താത്പര്യത്തെ ഞാന്‍ എക്കാലവും ബഹുമാനിക്കുന്നുണ്ട്. സമൂഹത്തി ല്‍ നന്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദീപിക പ്രവര്‍ത്തിച്ചുവരുന്നത്. അതിന്റെ നന്മ ദീപികയ്ക്കു ദൈവം നല്‍കുകയും ചെ യ്യും. പാവപ്പെട്ടവരെ കരുതുകയും അവരുടെ ആവശ്യങ്ങളില്‍ കൂടെയിരിക്കുകയും ചെയ്യുമ്പോഴാണ് നന്മയെ തിരിച്ചറിയാന്‍ കഴിയുന്നത്. മനുഷ്യന്റെ ആവശ്യങ്ങളില്‍ കൂടെയുണ്ടാകണമെന്നതാണ് നാടു ഭരിക്കുന്ന സര്‍ക്കാരുകളും ചെയ്യേണ്ടത്. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് പരിഹാരം കാണേണ്ടത്.
? നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് എന്തായിരിക്കും
നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസംവരെ ദൈവം ആയുസു തന്നാല്‍ വോട്ടു ചെയ്തിരിക്കും. സഭയും രാഷ് ടീയ പാര്‍ട്ടിയും നോക്കിയല്ല വോട്ടു ചെയ്യുന്നത്. മറ്റുള്ളവരോടു കരുണയും സ്‌നേഹവും നല്‍കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യും. തന്റെ 99 – ാം പിറന്നാളും പൊതുതെരഞ്ഞെടുപ്പും ഒന്നിച്ചെത്തുമ്പോള്‍ വോട്ടു ചെയ്യുന്നത് സാമൂഹിക നന്മയ്ക്കുവേണ്ടിയാകണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ദൈവശാസ്ത്ര വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആദ്യം വോട്ടു ചെയ്തു. ആദ്യമായി താന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ആദ്യത്തെ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇതായിരുന്നു ഫലം. ഇതു പറഞ്ഞപ്പോള്‍ ഒരിക്കല്‍ ഒരു സിപിഎമ്മുകാരന്‍ എന്നോടു പറഞ്ഞു – തിരുമേനി, ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണെ്ടന്ന്. ഞാന്‍ വോട്ടു ചെയ്യുന്നയാള്‍ തോല്‍ക്കുമെന്നാണ് അയാള്‍ ധരിച്ചത്. എന്നാല്‍ അത്തവണ ഞാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തു. അയാള്‍ ജയിക്കുകയും ചെയ്തു.
എല്ലാവരോടും എനിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ജയിച്ചാലും തോറ്റാലും പാവങ്ങളുടെ ആവശ്യങ്ങളോടൊപ്പം നില്‍ക്കുകയും അവരെ കരുതുകയും ചെയ്യണം. – മെത്രാപ്പോലീത്ത ഉള്ളുതുറന്നു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
1918 ഏപ്രില്‍ 27ന് മാര്‍ത്തോമ്മാ സഭയുടെ വികാരി ജനറാളായിരുന്ന കലമണ്ണില്‍ റവ.കെ.ഇ. ഉമ്മന്റെയും ശോശാമ്മയുടെയും മകനായി ജനനം. ധര്‍മിഷ്ഠന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഫിലിപ്പ് ഉമ്മന്‍ നീതിക്കും ധര്‍മത്തിനുംവേണ്ടി നിലകൊള്ളുകയെന്നതു ചെറുപ്പം മുതല്‍ ജീവിതവ്രതമായി സ്വീകരിച്ചു. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ ഡിഗ്രി സമ്പാദിച്ചു.
1940 മുതല്‍ 1942 വരെ അങ്കോലയില്‍ മിഷനറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ബാംഗളൂര്‍ യുടി കോളജില്‍ നിന്ന് ദൈവശാസ്ത്ര പഠനം നടത്തി. 1944 ജനുവരി ഒന്നിന് ശെമ്മാശനായി. ജൂണ്‍ മൂന്നിന് വൈദികപട്ടം സ്വീകരിച്ചു. ബംഗളൂരു തന്നെയായിരുന്നു വൈദികനായപ്പോഴും ആദ്യ പ്രവര്‍ത്തന മേഖല. കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം, തിരുവനന്തപുരം മാര്‍ത്തോമ്മാ ഇടവകകളില്‍ വികാരിയായി. 1953 മേയ് 20ന് റമ്പാന്‍ പട്ടം സ്വീകരിച്ചു. മേയ് 23ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ സഭയില്‍ എപ്പിസ്‌കോപ്പ (ബിഷപ്പ്) ആയി. 1954ല്‍ കുന്നംകുളം ഭദ്രാസനത്തിന്റെ ചുമതലയേറ്റു. അതോടൊപ്പം മാര്‍ത്തോമ്മാ സഭ വൈദിക സെമിനാരിയുടെ ചുമതലയും വഹിച്ചു. സഭയുടെ മിഷനറി ചുമതല യിലും അടൂര്‍ – കൊട്ടാരക്കര, തിരുവനന്തപുരം – കൊല്ലം, അടൂര്‍ – മാവേലിക്കര, റാന്നി – നിലയ്ക്കല്‍, ചെങ്ങന്നൂര്‍ – തുമ്പമണ്‍ ഭദ്രാസനങ്ങളുടെ ബിഷപ്പായും പ്രവര്‍ത്തിച്ചു.
1978 മേയില്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായും 1999 മാര്‍ച്ച് 15ന് ഒഫീഷിയേറ്റിംഗ് മെത്രാപ്പോലീത്തയും ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായും ചുമതലയേറ്റു. സഭയുടെ ഭരണച്ചുമതലയില്‍ നിന്ന് സ്വയം പിന്‍മാറിയ അദ്ദേഹത്തെ 2007 ഒക്ടോബര്‍ രണ്ടിന് മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താസ്ഥാനത്തേക്കു യര്‍ത്തി.
തയാറാക്കിയത്: ടി.എസ്. സതീഷ് കുമാര്‍.