പയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടന്നതായി പോലീസ്. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ വി.രമേശന് രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ കണ്ണൂരിലെ ഒളിവുസങ്കേതത്തില്‍ നിന്നും പോലീസ് പിടികൂടി അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നാണു ധനരാജന് വധത്തിനു പിന്നില്‍ ഗൂഡാലോചന നടന്നതായുള്ള ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ഇന്നലെ അറസ്റ്റിലായ എട്ടിക്കുളം മൊട്ടക്കുന്നിലെ ടി.പി.ബിജു (24), കക്കംപാറയിലെ എം.വിപിന്‍ എന്നിവര്‍ ധനരാജന് വധത്തില്‍ നേരിട്ട് പങ്കുള്ളവരാണ്.
ഇന്നു കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ തിരിച്ചറിയല്‍ പരേഡിനു ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമ്പോള്‍ ഗൂഡാലോചന നടന്നതിന്റെ ചുരുളുകള്‍ അഴിയുമെന്നും സിഐ പറഞ്ഞു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പലര്‍ക്കും കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചനയെ പറ്റി അറിയില്ല. കൊലപാതകത്തിനുപയോഗിച്ച മുഴുവന്‍ ആയുധങ്ങളും പോലീസിനു കണ്ടെത്താനായിട്ടില്ല. പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിയാലേ ബാക്കിയുള്ള ആയുധങ്ങള്‍കൂടി കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ധനരാജന്റെ വധത്തിനു പിന്നില്‍ ഉന്നതരുടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അതു പുറത്തു കൊണ്ടുവരാന്‍ പോലീസ് മടിക്കുകയാണെന്നുംസിപിഎം നേതൃത്വം ആരോപിച്ചിരുന്നു. അതേസമയം ധനരാജന് കൊല്ലപ്പെട്ട കഴിഞ്ഞ മാസം 11 ന് രാത്രിയില്‍തന്നെ വധിക്കപ്പെട്ട അന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രന് വധക്കേസിന്റെ അന്വേഷണ ചുമതല പുതിയ സിഐക്ക് കൈമാറി. കേസന്വേഷിച്ചിരുന്ന ശ്രീകണ്ഠാപുരം സിഐ സി.എ. അബ്ദുള്‍ റഹീമിനെ കാസര്‍ഗോഡ് സിഐയായി നിയമിച്ചതിനെ തുടന്നാണു പകരം നിയമിതനായ സിഐ വി.വി.ലതീഷിനെ രാമചന്ദ്രന് വധക്കേസന്വേഷണം ഏല്‍പ്പിച്ചത്.
ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫയലുകള്‍ പുതിയ സിഐയ്ക്കു കൈമാറി. രാമചന്ദ്രന് വധത്തില്‍ നേരിട്ടുപങ്കുള്ള ആറു പ്രതികളും വീടിനു പുറത്തുനടത്തിയ ആക്രമണത്തില്‍ 25 ഓളം പ്രതികളുമാണുള്ളത്. ഇതില്‍ നാലു പേര് റിമാന്‍ഡിലാണ്. അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനുപയോഗിച്ച വാളുകളും മഴുവും വെള്ളൂര്‍ രാമന്‍കുളത്തിനു സമീപത്തു നിന്നും പോലീസ് കണ്ടെത്തിയിരുന്നു.