രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി ജനങ്ങളെ ചില്ലറയൊന്നുമല്ല വലച്ചത്. അഞ്ചു ദിവസമായിട്ടും നോട്ടുകള്‍ മാറാന്‍ ആളുകളുടെ നെട്ടോട്ടം തുടരുകയാണ്. കള്ളപ്പണത്തിനെതിരായ നടപടിയാണെങ്കിലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധിപ്പേരാണ് രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ നടപടിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായ് ബച്ചന്. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ആഷ് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ധീരമായ നടപടിയെ അഭിനന്ദിക്കുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. മാറ്റത്തെ ഉള്‍ക്കൊള്ളുകയെന്നത് അത്രയെളുപ്പമല്ല, എങ്കിലും രാജ്യത്തെ കള്ളപ്പണത്തെയും അഴിമതിയെയും തുടച്ചുനീക്കാന്‍ പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനത്തെ എല്ലാവരും തിരിച്ചറിയണമെന്നും ഐശ്വര്യ പറഞ്ഞു.