നഗരത്തില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് ആശ്രയമേകാന്‍ കൊല്ലം പോലീസ്

KLM-POLICEകൊല്ലം: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്ന സിറ്റി പോലീസിന്റെ പദ്ധതിയായ കാഴ്ച 2016 ന് തുടക്കമായി.  ഈസ്റ്റ് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നിന്നും ഏകദേശം 30 ആള്‍ക്കാരെ പരിപാടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരില്‍ പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. വളരെ നാളുകളായി കൊല്ലം നഗരത്തിന്റെ പല ഭാഗങ്ങളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് ഇവര്‍ തമ്പടിച്ചിരുന്നത്.

പലരും മനോരോഗികളും കുഷ്ഠരോഗം, ടിബി, തുടങ്ങിയ മാറാരോഗത്തിനടിമപ്പെട്ടവരും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രാകൃത രൂപത്തിലായിരുന്നവരെ വൃത്തിയാക്കി പോലീസ് പുതിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍  പി.പ്രകാശ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയ്ക്ക് കൊല്ലം റോട്ടറി ക്ലബ്ബ് സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായം നല്‍കി. പത്തനാപുരം നന്മ• ചാരിറ്റബിള്‍ ട്രസ്റ്റ് (ശാന്തിതീരം), ബിഷപ് ജറോം അഭയകേന്ദ്രം, കോയിവിള, ജീവമാതാ കാരുണ്യ, ഏഴംകുളം, അടൂര്‍ എന്നീ സ്ഥാപനങ്ങളുടെ അധികാരികള്‍ അശരണരായ ആള്‍ക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുത്തു. രോഗികളായവര്‍ക്ക് മെച്ചപ്പെട്ട ചികിത്സകള്‍ നല്‍കും.

കൊല്ലം സബ് ഡിവിഷനിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന്  കൊല്ലം അസി. പോലീസ് കമ്മീഷണര്‍ കെ. ലാല്‍ജി അറിയിച്ചു.  ഈസ്റ്റ് പോലീസ് സംഘടിപ്പിച്ച പരിപാടിയ്ക്ക്  എസ്‌ഐ ആര്‍. രാജേഷ് കുമാര്‍, സിആര്‍ഒ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ഭാനുവിക്രമന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്,  അസി. പോലീസ് കമ്മീഷണര്‍  കെ. ലാല്‍ജി, എസ്‌ഐ ആര്‍ രാജേഷ് കുമാര്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഡോ.ജോണ്‍ ഡാനിയല്‍, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts