കൊച്ചി: കലൂര്‍-കതൃക്കടവ് റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. കതൃക്കടവ് ജംഗ്ഷനില്‍ ഇന്നലെയും പൈപ്പ് പൊട്ടി പ്രദേശത്തെ കുടിവെള്ള വിതരണം താറുമാറായി. രാത്രി എട്ടിനാണ് 700 എംഎം പ്രിമോ പൈപ്പില്‍ നിന്നുള്ള അനുബന്ധ പൈപ്പ് പൊട്ടിയത്. റോഡിലൂടെ വെള്ളം സമീപപ്രദേശങ്ങളിലേക്ക് കുതിച്ചൊഴുകി. മൂന്ന് ഇഞ്ച് വ്യാസമുള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്ത് ഇന്ന് വൈകുന്നേരത്തോടെ ജലവിതരണം പുനസ്ഥാപിക്കാനാകുമെന്ന് ജല അഥോറിറ്റി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് അസീസി റോഡില്‍ പൈപ്പ് പൊട്ടിയത് നന്നാക്കിയെങ്കിലും ഇതുവരെയും പൂര്‍ണതോതില്‍ കുടിവെള്ളം വിതരണം നടപ്പാക്കാനായിട്ടില്ല.
പുല്ലേപ്പടി പെരുമന ഭാഗം, പിഎഫ് റോഡ്, കൗണ്‍സലര്‍ റോഡ്, ഫിഷറീസ് കോളനി എന്നിവിടങ്ങളില്‍ ഇപ്പോഴും ജലവിതരണം പുനസ്ഥാപിച്ചിട്ടില്ല. ഈ ആഴ്ചതന്നെ ഈ ഭാഗങ്ങളില്‍ 300 മീറ്റര്‍ നീളത്തില്‍ പുതിയ പൈപ്പ് സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള സ്ഥിരം സംവിധാനമൊരുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ബുധനാഴ്ച പൈപ്പ് പൊട്ടിയതോടെ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ കലൂര്‍, കടവന്ത്ര, കതൃക്കടവ് എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. റോഡില്‍ വന്‍ ഗര്‍ത്തമുണ്ടായതോടെ ഗതാഗതവും സ്തംഭിച്ചു. 15-ഓളം വീടുകളിലേക്കും വെള്ളം കയറി. വാട്ടര്‍ അഥോറിറ്റി നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ ഇന്നലെ വെള്ളമെത്തിച്ചെങ്കിലും ജലക്ഷാമം പൂര്‍ണതോതില്‍ പരിഹരിക്കാനായില്ല.
കലൂര്‍- കതൃക്കടവ് റോഡില്‍ പെപ്പ് മാറ്റിയടില്‍ ജോലികള്‍ പുരോഗമിക്കുന്നതിനെടയാണ് രണ്ടാം വട്ടവും പെപ്പ് പൊട്ടുന്നത്. പുതുതായി സ്ഥാപിച്ച 300 എംഎം പ്രിമോ പൈപ്പ് ലൈനിലെ അനുബന്ധ കണ്കഷനുകള്‍ പൂര്‍ണ തോതില്‍ ചെയ്തു തീരാഞ്ഞതിനാല്‍ പഴയ 700 എംഎം പൈപ്പ് ലൈനിലൂടെ പ്രദേശത്ത് വെള്ളമെത്തിച്ചിരുന്നു. പഴയ ലൈനായിതിനാല്‍ ഇതു വഴി ശക്തമായ പമ്പിംഗ് സാധ്യമല്ല.