കോട്ടയം: ഏപ്രില്‍ ഫൂള്‍ദിനത്തില്‍ കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവരെ ഫൂളാക്കി നിരവധി പ്രചാരണങ്ങള്‍. രാവിലെ എട്ടോടെ കുമരകം ചെങ്ങളത്തുകാവില്‍ രണ്ടു കൊമ്പനാനകള്‍ പരസ്പരം കുത്തി ചരിഞ്ഞു എന്നുള്ള വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ നിരവധി ആളുകള്‍ ചെങ്ങളത്തു കാവിലേക്കു തിരിച്ചു. പലരും സ്ഥലത്തെത്തി കഴിഞ്ഞാണു ഏപ്രില്‍ ഫൂള്‍ദിനത്തില്‍ ആരോക്കൊയോ ചേര്‍ന്നു ഫൂളാക്കിയതാണെന്ന കാര്യം മനസിലായത്.
ചെങ്ങളത്തുകാവിലേക്കു ആനപ്രേമികളായിട്ടുള്ള നിരവധി ആളുകള്‍ ഓട്ടോറിക്ഷയിലും മറ്റു വാഹനങ്ങളിലുമായി എത്തിച്ചേര്‍ന്നിരുന്നു. ചെങ്ങളത്തുകാവില്‍ എത്തിയവര്‍ പരസ്പരം ആനകള്‍ കുത്തിചെരിഞ്ഞത്് എവിടെയെന്നു അന്വേഷിക്കുകയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയവരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അന്തംവിട്ടു നിന്നു. ഏറെ സമയത്തിനുശേഷമാണു സംഭവം ഏപ്രില്‍ ഫൂളാണെന്നു എല്ലാവരും ചേര്‍ന്നു സ്ഥിരീകരിച്ചത്.
ഏതാണ്ട് ഒരുമണിക്കൂറിനുശേഷം തിരുനക്കരയില്‍ കൊമ്പനാനയ്ക്കു വേട്ടേറ്റു എന്നുള്ള വാര്‍ത്തയാണു പിന്നീട് പ്രചരിച്ചത്. നഗരത്തിലെ ഹോട്ടലുകളില്‍ ചായകുടിച്ചുകൊണ്ടിരുന്നവര്‍ പോലും തിരുനക്കരയിലേക്കു പാഞ്ഞു. എന്നാല്‍ സ്ഥലത്തെത്തി കഴിഞ്ഞപ്പോള്‍ അവിടെയും യാതൊന്നും സംഭവിച്ചിട്ടില്ല. സാധാരണയായി ഏപ്രില്‍ ഫൂള്‍ദിനത്തില്‍ ഫയര്‍ഫോഴ്‌സിലേക്കു ഫൂളാക്കുന്നതിനുവേണ്ടിയുള്ള ഫോണ്‍ കോളുകള്‍ എത്തുന്നതാണ്. എന്നാല്‍ പതിവിനു വീപരിതമായി ഇത്തവണ ഫയര്‍ഫോഴ്‌സിനു ഫോണ്‍ കോളുകള്‍ ഇതുവരെയും വന്നില്ലെന്നു ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.