നടപടിക്രമങ്ങളില്‍ തട്ടി കുടിവെള്ളം മുട്ടുമോ? കുടിവെള്ളമില്ലാത്ത കുട്ടനാട്

alp-waterkuttanaduമങ്കൊമ്പ്: കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടില്‍ ശുദ്ധജലത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. ജനത്തിന്റെ നിരന്തരപരാതികളും, കോടതിയുടെ ഇടപെടലുകളും മൂലം കുടിവെള്ളത്തിന്റെ വിതരണ ചുമതല പഞ്ചായത്തുകള്‍ക്കു നല്കിയെങ്കിലും നടപടിക്രമങ്ങളില്‍ തട്ടി കുടിവെള്ളവിതരണം വൈകാനാണ് സാധ്യത. മുന്‍വര്‍ഷങ്ങളില്‍ റവന്യു വിഭാഗത്തിനായിരുന്നു കുടിവെള്ള വിതരണത്തിന്റെ ചുമതല.

എന്നാല്‍ അടിയന്തര സാഹചര്യം പരിഗണിച്ചായിരുന്നു കുടിവെള്ള വിതരണം പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്നത്. എന്നാല്‍ ഇതും വൈകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിതരണത്തിനു പ്രാഥമികനടപടികള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിനായി വാഹനങ്ങളുടെ ക്വട്ടേഷന്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളും ആരംഭിക്കേണ്ടതുണ്ട്. കുടിവെള്ളത്തിനായുള്ള ഫണ്ട് ബന്ധപ്പെട്ട വകുപ്പിന് ലഭിക്കാത്തതും വിതരണ നടപടികളെ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍ കാലങ്ങളില്‍ കുടിവെള്ള വിതരണത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള വേതനംപോലും മാസങ്ങളോളം വൈകിയിരുന്നത് പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്.

നേരത്തെ വിതരണത്തിനായി റനവ്യു വകുപ്പ് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ കരാറുകാര്‍ വാഹനങ്ങള്‍ക്ക് അമിതനിരക്ക് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തുതലത്തില്‍ ക്വട്ടേഷനുകള്‍ വിളിക്കുമ്പോള്‍ വാഹനങ്ങളുടെ കൂലി വിഷയങ്ങളും നടപടികളെ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. വള്ളങ്ങളില്‍ കുടിവെള്ളവിതരണം നടത്തുന്നതിന് തുച്ഛമായ വള്ളക്കൂലി മാത്രമാണ് ലഭിച്ചിരുന്നത്. വള്ളം സ്വന്തം നിലയില്‍ കണ്ടെത്തണമെന്നതും, കൂലി കൊടുക്കണമെന്നതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നവയാണ്. പുതിയ സംവിധാനത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കും ജലസ്രോതസുകളില്‍നിന്നും കുടിവെള്ളം ശേഖരിക്കുന്നത്.

നടപടി ക്രമങ്ങള്‍ക്കുള്ള കാലതാമസം മൂലം കുടിവെള്ളവിതരണം വൈകുന്നത്് കുട്ടനാട്ടുകാരെ ദുരിതത്തിലാക്കും. കുട്ടനാടിന്റെ വടക്കന്‍മേഖലയിലെ പഞ്ചായത്തുകളില്‍ പൊതു കുടിവെള്ള സ്രോതസുകള്‍ ഒന്നും തന്നെയില്ല. കുടിവെള്ളം വിലയ്ക്കു വാങ്ങിയാണ് ഈ പ്രദേശത്തുള്ളവര്‍ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. എന്നാല്‍, വരള്‍ച്ച ശക്തമാകുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കിഴക്കന്‍മേഖലകളില്‍ നിന്നുള്ള വെള്ളത്തിന്റെ ലഭ്യത നിലയ്ക്കുമെന്നാണ് സൂചനകള്‍.

Related posts