കറുകച്ചാല്‍: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് അരലക്ഷത്തോളം രൂപ കവര്‍ന്നയാളെ ഉടമ കണ്ടെത്തി പോലീസില്‍ അറിയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതായി പരാതി. പത്രം ഏജന്റ് കങ്ങഴ ഇടവെട്ടാല്‍ കുളമക്കാട്ട് കെ.വി. വര്‍ഗീസിന്റെയും മകള്‍ സ്റ്റെഫിയുടെയും എടിഎം കാര്‍ഡുകളുപയോഗിച്ച് 45,000 രൂപ തട്ടിയെടുത്തതായി കാണിച്ച് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതായി ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ജൂലൈ 19ന് വര്‍ഗീസും സ്റ്റെഫിയും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുവരുടെയും എടിഎം കാര്‍ഡുകള്‍, വര്‍ഗീസിന്റെ ആധാര്‍ കാര്‍ഡ്, ഫോട്ടോകള്‍ എന്നിവയടങ്ങിയ കവര്‍ റോഡില്‍ നഷ്ടപ്പെട്ടു. അന്നും പിറ്റേന്നുമായി സ്റ്റെഫിയുടെ അക്കൗണ്ടില്‍ നിന്നും 45000 രൂപ പിന്‍വലിക്കുകയായിരുന്നു. പിറ്റേന്ന് വര്‍ഗീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കടയനിക്കാട് ശാഖയിലെത്തി കാര്‍ഡ് ബ്ലോക്ക് ചെയ്തു. പണം നഷ്ടപ്പെട്ട് ഒരാഴ്ചക്കുശേഷം മദ്യലഹരിയില്‍ പ്ലാക്കല്‍പ്പടി സ്വദേശിയായ യുവാവ് വര്‍ഗീസിന്റെ നഷ്ടപ്പെട്ട എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചകാര്യം വര്‍ഗീസിനെ അറിയിച്ചു.
കാര്‍ഡ് നഷ്ടപ്പെട്ട കാര്യം വര്‍ഗീസിനും ഭാര്യക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളു. പണവും കാര്‍ഡുകളും ഇയാളുടെ കൈവശം ഉണ്ടെന്നറിഞ്ഞ വര്‍ഗീസ് കറുകച്ചാല്‍ പോലീസില്‍ അറിയിച്ചിട്ടും വേണ്ടത്ര അന്വേഷണം നടത്തിയിട്ടില്ലെന്നു ജില്ലാ പോലീസ് ചീഫിനു നല്‍കിയ പരാതിയില്‍ പറയുന്നു. സിസി കാമറ പരിശോധിച്ച് വര്‍ഗീസ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോയെന്നറിയാന്‍ പോലും പോലീസ് തയാറാകാത്തത് ഏറെ ദുരൂഹതയുണര്‍ത്തുന്നതാണെന്നു വര്‍ഗീസ് പറയുന്നു. പോലീസ് ആവശ്യപ്പെട്ടാലല്ലാതെ കാമറ ദൃശ്യങ്ങള്‍ പരിശോധിക്കില്ല എന്നാണ് ബാങ്ക് അധികൃതരുടെയും നിലപാട്.